Sorry, you need to enable JavaScript to visit this website.

കുല്‍ഭൂഷണ്‍ വിധിക്ക് ഇനി ആറ് ദിവസം; ആകാംക്ഷയോടെ ഇന്ത്യയും പാക്കിസ്ഥാനും

ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര കോടതി നടത്താനിരിക്കുന്ന വിധി ഉറ്റുനോക്കുകയാണ് ഇന്ത്യയും പാക്കിസ്ഥാനും.
ഈ മാസം 17 നാണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വിധി പറയുക. ഇന്ത്യന്‍ സമയം വൈകീട്ട് 6.30 ന് നടത്തുന്ന വിധി പ്രഖ്യാപനത്തിനു സാക്ഷ്യം വഹിക്കാന്‍ ഇരു രാജ്യങ്ങളും തങ്ങളുടെ പ്രതിനിധികളെ ഹേഗിലേക്ക് അയക്കുന്നുണ്ട്.
എന്തെങ്കിലും ഊഹിക്കുന്നതില്‍ കാര്യമില്ലെന്നും ജൂലൈ 17 വരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു.
ഫെബ്രുവരി 18 മുതല്‍ 21 വരെ കേസില്‍ ലോക കോടതി അന്തിമ വാദം കേട്ടപ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ വാദങ്ങള്‍ സമര്‍പ്പിച്ചതാണ്. സമഗ്രമായ വാദങ്ങളാണ് തങ്ങള്‍ സമര്‍പ്പിച്ചതെന്നും വിധിയെ കുറിച്ച് എന്തെങ്കിലും പ്രവചിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഫൈസല്‍ മുഹമ്മദ് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ സാധ്യമല്ലെന്നും വാദങ്ങള്‍ വിശദമായി അവതരിപ്പിച്ചതിനാല്‍ അനുകൂല വിധി തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാദവ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ച 2016 മാര്‍ച്ച് 25 മുതല്‍ ഇന്ത്യ കോണ്‍സുലര്‍ ബന്ധം ആവശ്യപ്പെട്ടു തുടങ്ങിയെങ്കിലും പാക്കിസ്ഥാന്‍ സമ്മതിച്ചിരുന്നില്ല. ജാദവിനെ ഇറാനില്‍ വെച്ചാണ് പാക്കിസ്ഥാന്‍ തട്ടിക്കൊണ്ടുപോയതെന്ന് ഇന്ത്യ വാദിക്കുന്നു.

 

 

Latest News