Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യയെ ഇന്ത്യന്‍ കമ്പനി തന്നെ വാങ്ങുമെന്ന് ഉറപ്പാക്കും -മന്ത്രി

ന്യൂദല്‍ഹി- കടബാധ്യത കാരണം വിറ്റൊഴിവാക്കുന്ന ദേശീയ വിമാനക്കമ്പനി എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നത് ഇന്ത്യന്‍ സ്ഥാപനം തന്നെയായിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. എയര്‍ ഇന്ത്യയുടെ പതനത്തിന് കാരണം ഒരിക്കലും അവസാനിക്കാത്ത കടബാധ്യതയാണെന്നും അതിനാല്‍ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാതെ നിര്‍വാഹമില്ലെന്നും അദ്ദേഹം പറഞ്ഞു. കണക്കുകള്‍ തയറാക്കി വരികയാണെന്നും താമസിയാതെ ഓഹരി വിറ്റഴിക്കല്‍ ആരംഭിക്കുമെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.
സര്‍ക്കാരിനു മുന്നില്‍ വിഭവ ദൗര്‍ലഭ്യം വലിയ വെല്ലുവളിയാണെന്നും അതുകൊണ്ടു തന്നെ അപര്യാപ്തമായ വിഭവങ്ങള്‍ മറ്റു വികസന പദ്ധതികള്‍ക്ക് കൂടി പ്രയോജനപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സ്വകാര്യവല്‍ക്കരണത്തിന്റെ കാലമായതിനാല്‍ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കാന്‍ പ്രയാസമുണ്ടാകില്ല. ജനനന്മക്ക് വേണ്ടിയാണ് എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കുന്നതെന്നും ദേശീയ വിമാന കമ്പനി ഇന്ത്യന്‍ സ്ഥാപനത്തിന്റെ കൈയില്‍ തന്നെ എത്തിച്ചേരുമെന്ന് ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മന്ത്രി പുരി ചോദ്യത്തിനു മറുപടി നല്‍കി.  
യാത്രക്കാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടത് സര്‍ക്കാരല്ല. എയര്‍ ഇന്ത്യ നമ്മെ സംബന്ധിച്ചിടത്തോളം ഫസ്റ്റ് ക്ലാസ് ആസ്തിയാണ്. 125 വിമാനങ്ങളുണ്ട്. ഇവയില്‍ പകുതിയും 40 അന്താരാഷ്ട്ര റൂട്ടുകളിലും പകുതി 80 ആഭ്യന്തര റൂട്ടുകളിലുമാണ് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യ വളരെ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന് കടബാധ്യതയില്‍ നിന്ന് കരകയറാനുവുന്നില്ല -അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിന് നീതി ആയോഗ് നല്‍കിയ ശുപാര്‍ശ കൂടി കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ അതിനു പ്രതിജ്ഞാബദ്ധമാണ്. ഓരോ ഇന്ത്യന്‍ പൗരന്റേയും നേട്ടത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പൗരന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനാണ് ഇന്ത്യന്‍ സ്ഥാപനം തന്നെ എയര്‍ ഇന്ത്യ ഏറ്റെടുക്കുമെന്ന് ഉറപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 

Latest News