ജിദ്ദയിൽ വർക്കല സ്വദേശി കാറിടിച്ച് മരിച്ചു

ജിദ്ദ- അറബ് വംശജൻ ഓടിച്ച കാറിടിച്ച് തിരുവനന്തപുരം വർക്കല സ്വദേശി മരിച്ചു. പനയറ തെങ്ങുവിള വീട്ടിൽ അനിൽ കുമാർ (51) ആണ് മരിച്ചത്. ഷറഫിയ ഇസ്‌കാൻ ബിൽഡിംഗിൽ ഫോട്ടോ കോപ്പി റിപ്പയറിംഗ് കമ്പനിയിൽ ടെക്‌നിഷ്യനായിരുന്നു. ഖാലിദ്ബിൻ വലീദ് റോഡിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോകുമ്പോൾ പിന്നിൽനിന്നു വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശി കുമാറിന് പരിക്കേറ്റു. ഉടൻ ഇന്റർനാഷണൽ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും അനിൽ കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. 
18 വർഷമായി ജിദ്ദയിലുള്ള അനിൽ കുമാർ നവംബറിൽ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷമാണ് നാട്ടിൽനിന്നു അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതനാണ്. ഗംഗാധര കുറുപ്പ്-ശാന്തമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അശോക് കുമാർ, അജയകുമാർ, അനിത കുമാരി. 
ഐ.എം.സി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. പ്രസിഡന്റ് ഹാജ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ ടി.എസ്.എസ് ഭാരവാഹികളും, പി.ജെ.എസ്. ഭാരവാഹികളും സെയ്ദ് കൂട്ടായിയും നിയമ സഹായത്തിനായി രംഗത്തുണ്ട്. 

Latest News