Sorry, you need to enable JavaScript to visit this website.

ഇറാന്‍ എണ്ണ കടത്തിയ ടാങ്കറിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കസ്റ്റഡിയില്‍

ജിബ്രാൾട്ടർ- ഉപരോധം നില നിൽക്കെ ഇറാനിൽ നിന്നും സിറിയയിലേക്ക് എണ്ണക്കടത്തുന്നതിടെ ജിബ്രാൾട്ടർ പോലീസ് പിടികൂടിയ ഇറാൻ എണ്ണക്കപ്പലിലെ ക്യാപ്റ്റനെയും ചീഫ് ഓഫീസറെയും കസ്‌റ്റഡിയിലെടുത്തതായി റോയൽ ജിബ്രാൾട്ടർ പോലീസ് അറിയിച്ചു.

ക്യാപ്റ്റൻ ഇന്ത്യൻ പൗരനാണെന്നാണ് റിപ്പോർട്ടുകൾ. ഇറാൻ-അമേരിക്കൻ പ്രശ്‌നം രൂക്ഷമാകുന്നതിടെ എണ്ണ കടത്തുകയായിരുന്ന കപ്പൽ ഇക്കഴിഞ്ഞ നാലിനാണ് ജിബ്രാൾട്ടർ കടലിൽ വെച്ച് സൈന്യം പിടികൂടിയത്. യൂറോപ്യൻ യൂണിയൻ ഉപരോധം ലംഘിച്ചാണ് സിറിയയിലേക്ക് ഇറാൻ എണ്ണകടത്തിയതെന്നാണ് ആരോപണം. ഇതേ തുടർന്നാണ് ഇറാൻ കപ്പൽ ജിബ്രാൾട്ടർ കടലിടുക്കിൽ വെച്ച് സൈന്യം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത കപ്പൽ പരിശോധിച്ച സംഘം കപ്പലിലെ രേഖകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും പരിശോധനക്കായി പിടിച്ചെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. പിടികൂടിയ രണ്ടു പേരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. എന്നാൽ, നിയമപരമായ എല്ലാ അവകാശങ്ങളും വകവെച്ച് കൊടുത്താണ് നടപടികൾ കൈകൊള്ളുന്നതെന്നു പോലീസ് സേന വ്യക്തമാക്കി. 
       ഇക്കഴിഞ്ഞ നാലിനാണ് ജിബ്രാൾട്ടർ സേനയും ബ്രിട്ടീഷ് നേവിയും സംയുക്തമായി കപ്പൽ തടഞ്ഞത്. യൂറോപ്യൻ യൂണിയൻ നിരോധനം നില നിൽക്കെ സിറിയയിലെക്ക് എണ്ണയുടെ പോകുകയായിരുന്നു കപ്പലെന്നാണ് വിവരം.  പിന്നീടാണ് ഇത് ഇറാനിൽ നിന്നും കടത്തുകയായിരുന്നുവെന്നു സ്ഥിരീകരിച്ചത്. 330 മീറ്റർ നീളമുള്ള എണ്ണടാങ്കറിൽ രണ്ടു മില്യൺ ബാരൽ എണ്ണ വഹിക്കാൻ ശേഷിയുള്ളതാണ്. സംഭവത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയ ഇറാൻ കപ്പൽ തടഞ്ഞത് നിയമ ലംഘനമാണെന്നും സിറിയയിലേക്കുള്ള യാത്രയിലായിരുന്നില്ല എന്നും  വ്യക്തമാക്കിയിരുന്നു. സംഭവത്തിന്റെ പ്രതികാരമെന്നോണം ബ്രിട്ടീഷ് കപ്പലിന് നേരെ ഇറാൻ ആയുധ ബോട്ടുകൾ തടസം സൃഷ്‌ടിച്ചുവെന്ന വാർത്തകൾ പുറത്തു വന്നതിനു തൊട്ടു പിറകെയാണ് ജിബ്രാൾട്ടർ ഗവൺമെന്റിന്റെ നടപടി. എന്നാൽ, ബ്രിട്ടൻ ടാങ്കർ തകർക്കാൻ ശ്രമം നടത്തിയെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചു  രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, അന്വേഷണം പൂർത്തിയാകുന്നത് വരെ എണ്ണക്കപ്പൽ തങ്ങളുടെ കസ്‌റ്റഡിയിൽ തന്നെയുണ്ടാകുമെന്നു ജിബ്രാൾട്ടർ പോലീസ് സേന വ്യക്തമാക്കി. പുതിയ സംഭവങ്ങൾ മേഖലയിൽ ഉരുണ്ടുകൂടിയ യുദ്ധ ഭീതി വീണ്ടും ഉയർത്തിയിട്ടുണ്ട്. 

Latest News