മക്ക - മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയ കേസിൽ ഇന്ത്യക്കാരൻ അടക്കം മൂന്നു പേരെ മക്ക ക്രിമിനൽ കോടതി ശിക്ഷിച്ചതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. ബങ്ക് നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഇന്ത്യക്കാരൻ അബ്ദുന്നാസിർ സലീം, ബങ്ക് ഉടമയായ സൗദി പൗരൻ ബദ്ർ ബിൻ അബ്ദുൽ അസീസ് ഈദ് അൽഹിന്ദി, ബങ്ക് വാടകക്കെടുത്ത് പ്രവർത്തിപ്പിച്ചിരുന്ന സൗദി പൗരൻ ഖലഫ് ബിൻ ആബിദ് അൽഉതൈബി എന്നിവർക്കാണ് കോടതി പിഴ ചുമത്തിയത്. സ്ഥാപനം അടപ്പിക്കുന്നതിനും വിധിയുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും മൂവരുടെയും ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
ബത്ഹാ ഖുറൈശ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന ബദ്ർ അൽഹിന്ദി പെട്രോൾ ബങ്കിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബങ്കിലെ പമ്പുകളിലെ മീറ്ററുകൾ കൃത്യമായല്ല പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഇന്ധനമാണ് ബങ്കിൽ വിൽപന നടത്തുന്നതെന്നും വ്യക്തമായി. പ്രാഥമികാന്വേഷണം പൂർത്തിയാക്കിയ വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾക്കായി കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ല് വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും. വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും.