Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പെട്രോള്‍ ബങ്കുകളില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് നിർബന്ധമാക്കുന്നു

റിയാദ് - രാജ്യത്തെ പെട്രോൾ ബങ്കുകളിൽ നാലായിരം പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്) ഉപകരണങ്ങൾ ലഭ്യമാക്കിയതായി സൗദി പെയ്‌മെന്റ്‌സ് നെറ്റ്‌വർക് സി.ഇ.ഒ സിയാദ് അൽയൂസുഫ് വെളിപ്പെടുത്തി. സൗദി പെയ്‌മെന്റ്‌സ് നെറ്റ്‌വർക്കിന്റെ ഭാഗമായ മദ സേവനം ലഭ്യമായ പി.ഒ.എസുകളാണ് ബങ്കുകളിൽ സ്ഥാപിച്ചിരിക്കുന്നത്. ഓൺലൈൻ പെയ്‌മെന്റ് സംവിധാനങ്ങളുടെ ഉപയോഗം എളുപ്പമാക്കുന്നതിനും കാഷ് ഇടപാടുകൾ കുറക്കുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടാണ് പെട്രോൾ ബങ്കുകളിൽ പി.ഒ.എസുകൾ സ്ഥാപിക്കുന്നത്.

അടുത്ത ഞായറാഴ്ച മുതൽ പെട്രോൾ ബങ്കുകളിൽ പി.ഒ.എസ് സേവനം നിർബന്ധമാക്കുന്നതിന് തീരുമാനമുണ്ട്. പെട്രോൾ ബങ്കുകളിൽ പി.ഒ.എസ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ ലഭിച്ചാലുടൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ബാങ്കുകൾ ഒരുക്കമാണ്. 


സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയും വാണിജ്യ, നിക്ഷേപ മന്ത്രാലയവും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയവും സഹകരിച്ചാണ് പെട്രോൾ ബങ്കുകളിൽ പി.ഒ.എസ് ഉപകരണങ്ങൾ നിർബന്ധമാക്കുന്നത്. പണരഹിത സമൂഹം എന്ന ലക്ഷ്യത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമാണിത്. ബിനാമി ബിസിനസ് പ്രവണത ചെറുക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും ജനജീവിതം എളുപ്പമാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. നിശ്ചിത സമയത്തിനകം മദ ഉപകരണങ്ങൾ ലഭ്യമാക്കാത്ത പെട്രോൾ ബങ്കുകൾക്കും സർവീസ് സെന്ററുകൾക്കുമെതിരെ വാണിജ്യ, നിക്ഷേപ മന്ത്രാലയം ശിക്ഷാ നടപടികൾ സ്വീകരിക്കും. മദ ഉപകരണങ്ങൾ ലഭ്യമാക്കാത്ത പെട്രോൾ ബങ്കുകളെയും സർവീസ് സെന്ററുകളെയും കുറിച്ച് ഉപയോക്താക്കൾക്ക് പരാതി നൽകാവുന്നതാണ്. വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ആണ് പരാതി നൽകേണ്ടത്. 
റെസ്റ്റോറന്റുകൾ, ഫുഡ് ട്രക്കുകൾ അടക്കം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെല്ലാം ഓൺലൈൻ പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നതിന് നീക്കമുണ്ട്. പണ ഇടപാടുകൾ കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് ഓൺലൈൻ പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നതെന്നും സിയാദ് അൽയൂസുഫ് പറഞ്ഞു.
രാജ്യത്തെ മുഴുവൻ പെട്രോൾ ബങ്കുകളിലും അടുത്തയാഴ്ച മുതൽ ഓൺലൈൻ പെയ്‌മെന്റ് സംവിധാനം നിർബന്ധമാക്കുന്നതിനാണ് തീരുമാനമെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിലെ ദേശീയ പെട്രോൾ ബങ്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അൽബറാക് പറഞ്ഞു. രാജ്യത്ത് ആകെ 12,000 ഓളം പെട്രോൾ ബങ്കുകളാണുള്ളത്. ഓൺലൈൻ പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താത്ത പെട്രോൾ ബങ്കുകൾ അടപ്പിക്കില്ല. പകരം, ഇത്തരം സ്ഥാപനങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ പിഴ ചുമത്തുമെന്നും അബ്ദുൽ അസീസ് അൽബറാക് പറഞ്ഞു. 
ഓൺലൈൻ പെയ്‌മെന്റ് സംവിധാനമായ മദ ഏർപ്പെടുത്തണമെന്ന കാര്യം രാജ്യത്തെ ചേംബർ ഓഫ് കൊമേഴ്‌സുകൾ വഴി പെട്രോൾ ബങ്ക് ഉടമകളെയും നടത്തിപ്പുകാരെയും ഉണർത്തണമെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സിനോട് കഴിഞ്ഞ ഞായറാഴ്ച വാണിജ്യ, നിക്ഷേപ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. മദ സേവനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് അടുത്ത ഞായറാഴ്ച മുതൽ പെട്രോൾ ബങ്കുകളിലും സർവീസ് സ്ഥാപനങ്ങളിലും വാണിജ്യ, നിക്ഷേപ മന്ത്രാലയം ശക്തമായ പരിശോധനകൾ ആരംഭിക്കും. 

 

Latest News