Thursday , November   14, 2019
Thursday , November   14, 2019

നറുക്കു കിട്ടിയ ചിട്ടി നൽകാതെ കെ.എസ്.എഫ്.ഇ; ചിട്ടിയുടമ വലയുന്നു

സണ്ണി തോമസ് 


കാസർകോട് - മൂത്ത മകളുടെ വിവാഹം നടത്തുന്നതിന് സർക്കാർ ഫൈനാൻസ് സ്ഥാപനത്തിൽ നിന്ന് ലേലം കൊണ്ട ലക്ഷങ്ങളുടെ ചിട്ടി തുക നൽകാത്തതിനാൽ കുത്തുപാളയെടുക്കുകയാണ് ചിട്ടിയുടമ. കാസർകോട് നഗരത്തിലെ ഖാദി സ്ഥാപനത്തിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരുന്ന സണ്ണി തോമസ് എന്ന എ.ടി ഫിലിപ്പിനാണ് കെ.എസ്.എഫ്.ഇ കാസർകോട് ബ്രാഞ്ച് അധികൃതർ നറുക്കുവന്ന 10 ലക്ഷം രൂപയുടെ ചിട്ടി നൽകാതെ വട്ടം കറക്കുന്നത്. ഈ വർഷം ഏപ്രിൽ 21 നാണ് ഇദ്ദേഹത്തിന് കെ.എസ്.എഫ്.ഇയുടെ ചിട്ടി 40 ശതമാനം കുറവിൽ ലഭിച്ചത്.
നിയമപ്രകാരം 30 ദിവസം കഴിഞ്ഞു മെയ് 22 ന് ഫലിപ്പിന് കുറി കിട്ടേണ്ടതായിരുന്നു. ഇതിനായി മൂന്ന് ശമ്പള സർട്ടിഫിക്കറ്റോ 20 ലക്ഷത്തിന് മുകളിൽ വരുന്ന സ്വത്തിന്റെ രേഖകളോ ജാമ്യമായി വേണമെന്ന് ബ്രാഞ്ച് മാനേജർ ആവശ്യപ്പെട്ടു. അതു പ്രകാരം, കാസർകോട് വിദ്യാനഗറിൽ തന്റെ ഉടമസ്ഥതയിലുള്ള 40 ലക്ഷം രൂപ വിലമതിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ ആധാരവും അതിനോടനുബന്ധിച്ച രേഖകളും സമർപ്പിച്ചു. അടിയാധാരം ഇല്ലെന്ന് പറഞ്ഞതിനാൽ അടിയാധാരത്തിന്റെ പകർപ്പും രജിസ്ട്രാർ ഓഫീസിൽ നിന്ന് എടുത്തു ഹാജരാക്കി. അതു കൂടാതെ ബോണ്ടും നൽകി. ചിട്ടിപ്പണം കിട്ടുമെന്ന പ്രതീക്ഷയിൽ ജ്വല്ലറിയിൽനിന്ന് ആറു ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ കടം വാങ്ങി മെയ് 29 ന് മൂത്ത മകളുടെ വിവാഹം നടത്തി. വിവാഹ ചടങ്ങിൽ മാനേജരും ജീവനക്കാരും പങ്കെടുക്കുകയും ചെയ്തിരുന്നു. 
ചിട്ടിപ്പണം കിട്ടാൻ സമീപിച്ചപ്പോൾ ജാമ്യ രേഖകളെല്ലാം തൃശൂരിലെ ഹെഡ് ഓഫീസിലേക്ക് അയച്ചിട്ടുണ്ടെന്നും അവിടെ നിന്ന് അനുമതി വരണമെന്നും പറഞ്ഞു പല തവണ തിരിച്ചയച്ചു. തുടർന്ന് ഫിലിപ്പ് ഹെഡ് ഓഫീസിൽ എത്തി എം.ഡിയെയും ജനറൽ മാനേജരുടെയും കാണാൻ ശ്രമിച്ചെങ്കിലും അവരൊന്നും കാണാൻ തയാറായില്ലെന്നും അവിടെനിന്നു നീതി കിട്ടിയില്ലെന്നും ചിട്ടിയുടമ പറയുന്നു. മൂന്ന് മാസത്തോളമായി ചിട്ടിപ്പണം കിട്ടാതായതോടെ കടം വീട്ടാനാകാതെ കഷ്ടപ്പെടുകയാണ് ഖാദി ബോർഡ് ജീവനക്കാരൻ. കടബാധ്യത കാരണം ഉണ്ടായിരുന്ന അഭിമാനവും പോയി. ആത്മഹത്യയുടെ വക്കിലാണ് ഇദ്ദേഹമിപ്പോൾ. പതിനായിരം രൂപ 100 മാസം വെക്കുന്ന ചിട്ടിക്കാണ് ഇദ്ദേഹം ചേർന്നത്. കഴിഞ്ഞ 30 വർഷമായി കെ.എസ്.എഫ്.ഇയുമായി ഇടപാടുള്ള, ഇപ്പോഴും മാസം തോറും 60,000 രൂപ അടച്ചുകൊണ്ടിരിക്കുന്ന ചിട്ടിയുടമ കൂടിയാണ് ഫിലിപ്പ്. എന്നിട്ടും എന്നോട് എന്തിനീ കൊലച്ചതി ഇവർ ചെയ്യുന്നതെന്നാണ് ഫിലിപ്പ് ചോദിക്കുന്നത്. മൂന്ന് മാസമായി നറുക്കു വന്ന ചിട്ടിപ്പണം കിട്ടാൻ ഓഫീസുകൾ കയറിയിറങ്ങുകയാണ് ഈ മനുഷ്യൻ. 
ചിട്ടി പിടിച്ച എ.ടി ഫിലിപ്പ് ജാമ്യ വ്യവസ്ഥ പ്രകാരമുള്ള പകുതി രേഖകൾ മാത്രമാണ് നൽകിയതെന്ന് ബാങ്ക് മാനേജർ പറയുന്നു. ഇദ്ദേഹം താമസിക്കുന്ന ഫഌറ്റിന്റെ പ്രമാണമാണ് ജാമ്യത്തിനായി തന്നത്. പുതിയ നിയമപ്രകാരം ഫഌറ്റുകൾ ജാമ്യ വസ്തുവായി അംഗീകരിക്കാൻ കുറെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഫഌറ്റ് ജാമ്യമായി സ്വീകരിക്കാൻ ബ്രാഞ്ചിന് അധികാരമില്ല. അതിനാൽ ബന്ധപ്പെട്ട രേഖകളെല്ലാം ഹെഡ് ഓഫീസിലേക്ക് അയച്ചു കൊടുക്കുകയാണ് ഞങ്ങൾ ചെയ്തത്. ഹെഡ് ഓഫീസിൽ നിന്നു ഫലിപ്പിനോട് പല തവണ ആവശ്യപ്പെട്ടിട്ടും മുഴുവൻ രേഖകളും ഹാജരാക്കാത്തത് കൊണ്ടാണ് പണം നൽകാൻ വൈകിയത്. ഇക്കാര്യത്തിൽ ചിട്ടിയുടമ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കൂടുതൽ വ്യക്തത വരുത്തിയതാണ്. ലീഗൽ അഡ്വൈസർ രണ്ടു തവണ ഫയൽ മടക്കിയതിനാലും രേഖകൾ ഹാജരാക്കാൻ ചിട്ടി പിടിച്ചയാൾ വൈകിയതിനാലുമാണ് ലേലം കൊണ്ട പണം നൽകാൻ ഇത്രയും കാലതാമസമുണ്ടായത്. ബ്രാഞ്ചിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ ഉദാസീനതയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
 

Latest News