Sorry, you need to enable JavaScript to visit this website.

മലപ്പുറത്തെ സ്‌കൂൾ തെരഞ്ഞെടുപ്പ്  ഇനി ഹൈടെക് ആകും

സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനായി കൈറ്റ് തയാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വോട്ടിംഗ് മെഷീൻ ജില്ലാ കലക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- സ്‌കൂൾ വിദ്യാഭ്യാസം പൂർണമായും ഹൈടെക് ആക്കുന്നതിനു ശ്രദ്ധേയമായ രീതിയിൽ ഇടപെടുന്ന കൈറ്റ് (കേരള ഇൻഫ്രാസ്‌ട്രെക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) ഇനി മലപ്പുറം ജില്ലയിലെ സ്‌കൂൾ തെരഞ്ഞെടുപ്പും ഹൈടെക് ആക്കുന്നു. ഇതിനായി മലപ്പുറം കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള വോട്ടിങ് മെഷീൻ തയാറായി. 
നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീൻ ഉപയോഗിക്കുന്നതിനു സമാനമായ സാഹചര്യം കുട്ടികൾക്കു ബോധ്യപ്പെടുന്ന രീതിയിലാണ് വോട്ടിങ് മെഷീനുകൾ തയാറാക്കിയിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകളിലേതു പോലെ കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റും ഉൾപ്പെടുന്നതാണ് വോട്ടിങ് യന്ത്രം. ഇതിനായി ലാപ്‌ടോപ്പും മൊബൈലും യഥാക്രമം കൺട്രോൾ യൂണിറ്റും ബാലറ്റ് യൂണിറ്റുമായി ഉപയോഗിക്കുന്നു. ജില്ലാ കലക്ടർ ജാഫർ മാലിക് സ്വന്തം വോട്ട് രേഖപ്പെടുത്തി വോട്ടിങ് മെഷീൻ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
കൈറ്റിനു വേണ്ടി മാസ്റ്റർ ട്രെയിനർമാരായ സി.കെ ഷാജി, സി.പി. അബ്ദുൽ ഹക്കീം എന്നിവർ ചേർന്നാണ വോട്ടിംഗ് മെഷീൻ ഫോർ സ്‌കൂൾസ് സോഫ്റ്റ്വെയർ തയാറാക്കിയത്. സ്‌കൂളുകൾക്കു നൽകിയ സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു 18.04 ൽ പ്രവർത്തിക്കുന്ന രീതിയിലാണ് സോഫ്റ്റ്വെയർ ഒരുക്കിയിട്ടുള്ളത്. ഉബുണ്ടുവുള്ള കംപ്യൂട്ടർ കൺട്രോൾ യൂണിറ്റും ആൻഡ്രോയിഡ് മൊബൈൽ ഫോൺ ബാലറ്റ് യൂണിറ്റുമായി പ്രവർത്തിക്കും. 
ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് വോട്ട് ചെയ്യുന്നതു പോലെ ലാപ്‌ടോപ്പ് കൺട്രോൾ യൂണിറ്റായും ആൻഡ്രോയ്ഡ് ഫോൺ ബാലറ്റ് യൂണിറ്റായും ക്രമീകരിച്ചാണ് സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുക. അതിനായി ലാപ്‌ടോപ്പിൽ വോട്ടിങ് മെഷീൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യണം. തുടർന്നു ആൻഡ്രോയ്ഡ് മൊബൈൽ ഫോണിൽ ്ീശേിഴമുസ എന്ന ഫയലും ഡൗൺലോഡ് ചെയ്ത് ഫോണിനെ ലാപ്‌ടോപ്പിലേക്ക് കണക്ട് ചെയ്യും. ലാപ്‌ടോപ്പ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടക്കാനുദ്ദേശിക്കുന്ന മുഴുവൻ ക്ലാസുകളും സോഫ്റ്റ്‌വെയറിൽ ഉൾപ്പെടുത്താം. ക്ലാസ് ഉൾപ്പെടുത്തിയതിനു ശേഷം സ്ഥാനാർഥികളെ ചേർക്കണം. അവസാന സ്ഥാനാർഥിയായി നോട്ടയും കൂടി സോഫ്റ്റ്‌വെയറിൽ ചേർക്കാവുന്നതാണ്. സ്ഥാനാർഥികളെ ചേർക്കുമ്പോൾ ഫോട്ടോയും ചിഹ്നവും ബാലറ്റിൽ ഉൾപ്പെടുത്തണം. പുതിയ ക്ലാസുകൾ, സ്ഥാനാർഥികൾ എന്നിവ ചേർക്കാനും നിലവിലുള്ളവ ഒഴിവാക്കാനും  ഓപ്ഷനുണ്ട്. തുടർന്നു കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ സജ്ജീകരിക്കും. മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള വോട്ടിങ് ആപ്പ് തുറന്നു ക്യൂ ആർ കോഡ് സ്‌കാൻ ചെയ്തു കഴിഞ്ഞാൽ വരുന്ന വെയിറ്റിംഗ് ഫോർ ബാലറ്റ് എന്ന സന്ദേശത്തോടെ കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവ സജ്ജമാകും. തുടർന്നു തെരഞ്ഞെടുപ്പ് നടത്താം.  
കൺട്രോൾ യൂണിറ്റിൽ സ്റ്റാർട്ട് പോൾ ക്ലിക്ക് ചെയ്യുമ്പോൾ ബാലറ്റ് ഇഷ്യൂ ചെയ്യേണ്ട ക്ലാസ് സെലക്ട് ചെയ്ത് ബാലറ്റ് എന്ന ബട്ടൺ പ്രസ് ചെയ്താൽ സ്ഥാനാർഥികളുടെ ലിസ്റ്റ് വരും. ലിസ്റ്റിൽ വിദ്യാർഥിക്ക് ഇഷ്ടമുള്ള സ്ഥാനാർഥിയുടെ പേരിൽ അമർത്തി വോട്ട് ചെയ്യാം. വോട്ട് ചെയ്തു
കഴിഞ്ഞാൽ ബീപ്പ് ശബ്ദം കേൾക്കും. ഇതോടെ ബാലറ്റ് യൂണിറ്റ് ലോക്ക് ആകും. പ്രിസൈഡിങ് ഓഫീസർ കൺട്രോൾ യൂണിറ്റിൽ ബാലറ്റ് ഇഷ്യൂ ചെയ്‌തെങ്കിൽ മാത്രമേ അടുത്ത വിദ്യാർഥിക്ക് വോട്ടു ചെയ്യാൻ കഴിയൂ. എല്ലാ കുട്ടികളും വോട്ട് ചെയ്താൽ പ്രിസൈഡിങ് ഓഫീസർ ക്ലോസ് പോൾ  ബട്ടൺ അമർത്തും. ഇതിനു ശേഷം വരുന്ന റിസൾട്ട് സ്‌ക്രീനിൽ ക്ലാസ് സെലക്ട് ചെയ്ത് ഗെറ്റ് റിസൾട്ട് എന്ന ബട്ടൺ അമർത്തിയാൽ കൗണ്ടിങ് ആരംഭിക്കാവുന്നതാണ്. മലപ്പുറം കലക്ടറേറ്റിൽ ചേർന്ന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ. പി.കൃഷ്ണൻ, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ശശിപ്രഭ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, കൈറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Latest News