Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂർ ജയിൽ ശുദ്ധീകരിക്കാൻ നടപടി;  ജീവനക്കാരെ ഞെട്ടിച്ച് സ്ഥലംമാറ്റം

കണ്ണൂർ- രാഷ്ട്രീയത്തടവുകാരായ ക്രിമിനലുകളുടെ നിയന്ത്രണത്തിലായ കണ്ണൂർ സെൻട്രൽ ജയിൽ ശുദ്ധീകരിക്കാൻ ജയിലധികൃതർ നടപടികൾ ശക്തമാക്കുന്നു. തുടർച്ചയായ പരിശോധനക്കു പിന്നാലെ മൊബൈൽ ഫോണുകളും കഞ്ചാവ് അടക്കമുള്ള നിരോധിത വസ്തുക്കളും പിടിച്ചെടുത്ത കണ്ണൂർ സെൻട്രൽ ജയിലിലടക്കം കോഴിക്കോട് മേഖലയിലെ നാൽപതോളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഇതിൽ 23 പേർ സെൻട്രൽ ജയിലിലുള്ളവരാണ്. ജയിൽ ഉദ്യോഗസ്ഥരുടെ ഇടതു യൂനിയന്റെ നേതാക്കളും സ്ഥലം മാറ്റപ്പെട്ടവരിൽ ഉൾപ്പെടും. അസി. പ്രിസൺ ഓഫീസർമാരെയാണ് കാസർകോട്, കോഴിക്കോട് ജയിലുകളിലേക്കു മാറ്റിയിരിക്കുന്നത്. 
ഋഷിരാജ് സിംഗ് ജയിൽ ഡി.ജി.പി പദവിയിലെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്തെ മൂന്നു സെൻട്രൽ ജയിലുകളിൽ അടക്കം പരിശോധന ആരംഭിച്ചത്.
ഇതിൽ രാഷ്ട്രീയ തടവുകാരുടെ ഇടപെടലിനു കുപ്രസിദ്ധിയാർജിച്ച കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരെ ഒഴിവാക്കി, പോലീസിനെ ഉപയോഗിച്ച് പുലർച്ചെ മൂന്നു മുതൽ നേരിട്ട് നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും ആയുധങ്ങളും കഞ്ചാവും അടക്കം നിരവധി സാധനങ്ങളാണ് പിടിച്ചെടുത്തത്. ഇതിൽ ഏറെയും രാഷ്ട്രീയ തടവുകാർ പാർക്കുന്ന ആറാം ബ്ലോക്കിൽ നിന്നാണ്. രാഷ്ട്രീയ തടവുകാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മദ്യവും മയക്കുമരുന്നും ജയിലിനകത്തെത്തിക്കുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് റെയ്ഡ് നടന്നത്. പിന്നീട് തുടർച്ചയായി നടന്ന റെയ്ഡിൽ 59 മൊബൈൽ ഫോണുകളാണ് ഇവിടെ പിടിച്ചെടുത്തത്. മൊബൈൽ ഫോണുകൾ ആരിൽ നിന്നു കണ്ടെടുക്കുന്നുവോ അവരെ ഉടൻ ജയിൽ മാറ്റാനാണ് നിർദേശം. മൊബൈൽ ഫോൺ കണ്ടെടുക്കുന്ന ഉദ്യോഗസ്ഥന് ആദ്യ തവണ 2500 രൂപ പാരിതോഷികവും രണ്ടാമത് ഇതേ സ്ഥലത്തു നിന്നു പിടിച്ചെടുക്കുമ്പോൾ സ്ഥലം മാറ്റവും നൽകുമെന്നായിരുന്നു ജയിൽ ഡി.ജി.പിയുടെ പ്രഖ്യാപനം. മാത്രമല്ല, തടവുകാർക്കു വി.െഎ.പി പരിഗണന നൽകിയെന്നു തെളിഞ്ഞാൽ സസ്‌പെൻഷൻ അടക്കമുള്ള നടപടികളുണ്ടാവുമെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ചട്ടമനുസരിച്ചു മാത്രം സന്ദർശകരെ അനുവദിച്ചാൽ മതിയെന്നും നിർദേശമുണ്ട്.  
ജയിൽ ജീവനക്കാരുടെ ഇടതു സംഘടനയുടെ നേതാക്കളെയടക്കം സ്ഥലം മാറ്റിയത് ജീവനക്കാരിൽ ഞെട്ടലുണ്ടാക്കിയിരിക്കയാണ്. വർഷങ്ങളായി ഇവിടെ തന്നെയുള്ള ഇവരിൽ പലരും ഭരണത്തിന്റെ തണലിൽ കൃത്യമായി ജോലി ചെയ്യാതെ നേതാക്കളുടെ ആജ്ഞകളനുസരിച്ചു മാത്രം പ്രവർത്തിക്കുന്നവരാണ്. ജീവനക്കാരറിയാതെ ജയിലിനകത്ത് നിരോധിത വസ്തുക്കൾ എത്തിക്കാനാവില്ലെന്നാണ് ജയിൽ ഡി.ജി.പിയുടെ വിലയിരുത്തൽ. കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുവരുന്ന പ്രതികളെ യാതൊരു പരിശോധനകളും നടത്താതെയാണ് ജയിലിനകത്ത് പ്രവേശിപ്പിക്കുന്നതെന്ന് പരാതിയുണ്ടായിരുന്നു. ഇതിനു പരിഹാരമായി ജയിൽ കവാടത്തിൽ പരിശോധനക്കായി കമാൻഡോകളെ നിയമിച്ചു. ഇവർക്കു ആവശ്യമെങ്കിൽ ജയിൽ ജീവനക്കാരെ പോലും പരിശോധിക്കാനുള്ള അനുമതിയും നൽകി. നേരത്തെ കെ.എ.പിയിൽ നിന്നുള്ള പോലീസുകാരാണ് പരിശോധനക്ക് ഉണ്ടായിരുന്നത്. 
കൊലക്കേസ് പ്രതികൾക്കടക്കം യാതൊരു മാനദണ്ഡവും പാലിക്കാതെ വർഷങ്ങളായി നൽകി വന്ന പരോളുകൾ മുഴുവൻ റദ്ദാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കുഞ്ഞനന്തനു അനധികൃത പരോൾ നൽകിയത് നേരത്തെ വിവാദമായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലക്കേസ് പ്രതികളിൽ ഭൂരിഭാഗവും കണ്ണൂർ സെൻട്രൽ ജയിലിലാണ് ഉള്ളത്. ഇവരിൽ പലരും ബ്ലോക്കുകൾ തങ്ങളുടെ സാമ്രാജ്യമായി മാറ്റിയിരിക്കയാണെന്നാണ് ആക്ഷേപം. 
ജയിലിനകത്തു നിന്ന് പുറത്തുള്ള കുറ്റകൃത്യങ്ങൾക്കു ക്വട്ടേഷൻ നൽകുന്നതു വരെ കാര്യങ്ങൾ എത്തിയതോടെയാണ് ഇവർക്കു കൂച്ചുവിലങ്ങിടാൻ സർക്കാർ തീരുമാനിച്ചത്. ജയിലിൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ ആരാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ പ്രത്യേക സംഘം നടത്തി വരികയുമാണ്. ഇതിൽ ഉപയോഗിച്ച സിം കാർഡുകൾ ജയിലിനകത്തു തന്നെയാണ് ഉള്ളത്. ഇവ കണ്ടെത്താനുള്ള പരിശോധനകളും തുടരും. 

 

Latest News