കൊണ്ടോട്ടി - സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് പോകാനായി 138 പേർക്ക് കൂടി അവസരം. വെയിറ്റിംഗ് ലിസ്റ്റിലെ ക്രമനമ്പർ 2630 മുതൽ 3399 വരെയുളളവർക്കാണ് അവസരം കൈവന്നത്. ഇവർ ഹജിന്റെ മുഴുവൻ പണവും നിശ്ചിത ബാങ്കിൽ അടച്ച് ഇതിന്റെ രസീത്, മെഡിക്കൽ സ്‌ക്രീനിങ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നവ സഹിതം 12 ന് വൈകുന്നേരം അഞ്ചിനുള്ളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഹജ് ട്രെയിനർമാരുമായി ബന്ധപ്പെടണം.
അതിനിടെ, കരിപ്പൂരിൽനിന്ന് അഞ്ചു ദിവസങ്ങളിലായി 13 വിമാനങ്ങളിൽ മദീനയിലെത്തിയത് 3899 തീർത്ഥാടകർ. ഇന്നലെ മൂന്ന് വിമാനങ്ങളിലായി 900 പേരാണ് യാത്രയായത്. ആദ്യ വിമാനത്തിൽ 138 പുരുഷന്മാരും 162 സ്ത്രീകളുമാണ് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനത്തിൽ 275 സ്ത്രീകളും 25 പുരുഷന്മാരും ഒരു കുട്ടിയും യാത്രയായി. മൂന്നാമത്തെ വിമാനത്തിൽ 276 സ്ത്രീകളും 24 പുരുഷന്മാരുമായി 300 പേരും യാത്രയായി. കബീർ ബാഖവി കാഞ്ഞാർ ഉദ്‌ബോധനം നടത്തി.
മദീനയിലെത്തിയ തീർത്ഥാടകർ എട്ട് ദിവസം കഴിഞ്ഞാണ് മക്കയിലേക്ക് റോഡ് മാർഗം പുറപ്പെടുക. ഹജ് കർമം കഴിഞ്ഞ് ജിദ്ദയിൽ നിന്നാണ് ഹാജിമാരുടെ കരിപ്പൂരിലേക്കും നെടുമ്പാശ്ശേരിയിലേക്കുമുള്ള മടക്കം ക്രമീകരിച്ചിരിക്കുന്നത്.