Sorry, you need to enable JavaScript to visit this website.

മന്ത്രി ജലീലിനെതിരായ വിജിലൻസ്  അന്വേഷണം: ഹരജി തള്ളി

കൊച്ചി - ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. 
മന്ത്രിക്കെതിരെ കേസെടുക്കാൻ അനുമതി തേടി ഗവർണറെ സമീപിച്ചിരിക്കുകയാണന്നും ഹരജി പിൻവലിക്കുകയാണെന്നും ഫിറോസ് അറിയിച്ചതിനെ തുടർന്നാണ് ഹരജി ജസ്റ്റിസ് പി. ഉബൈദിന്റെ നടപടി. നിയമാനുസൃതം സ്വീകരിക്കേണ്ട നടപടികൾ സ്വീകരിക്കാതെ നേരെ കോടതിയെ സമീപിച്ചതിൽ രാഷ്ട്രീയമുണ്ടെന്ന് കോടതി ആവർത്തിച്ചു. 
നിയമനം നിയമാനുസൃതമായിരുന്നുവെന്നും ഹരജിക്കാരൻ രാഷ്ട്രീയ പ്രേരിതമായി ആരോപണം ഉന്നയിക്കുകയായിരുന്നുവെന്നും സർക്കാർ അറിയിച്ചു. ചട്ടങ്ങൾ മറികടന്ന് മന്ത്രി ജലീൽ ബന്ധു കെ.ടി. അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജരായി നിയമിച്ചുവെന്നായിരുന്നു ഹരജിയിലെ ആരോപണം. മന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമായിരുന്നു പരാതി.
എന്നാൽ ഹരജി പിൻവലിച്ചത് സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്നും കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും പി.കെ. ഫിറോസ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മന്ത്രി കെ.ടി ജലീൽ നടത്തിയ ബന്ധു നിയമനത്തിനെതിരെ വിജിലൻസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്താത്ത സർക്കാർ തീരുമാനത്തിനെതിരെയാണ് യൂത്ത് ലീഗ് ഹൈക്കോടതിയെ സമീപിച്ചത്. ഇതു സംബന്ധിച്ച പരാതി ലോകായുക്തയിലും നൽകിയിട്ടുണ്ട്. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം വിജിലൻസ് അന്വേഷണത്തിനായി സർക്കാരിന്റെ അനുമതി തേടിയിരുന്നോ എന്ന് ചോദിച്ചിരുന്നു. സർക്കാരിന്റെ തന്നെ ഭാഗമായ ഒരു മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകില്ലെന്ന് ബോധ്യമുള്ളതുകൊണ്ട് അത്തരമൊരു ആവശ്യം യൂത്ത് ലീഗ് ഉന്നയിച്ചിരുന്നില്ല. എന്നാൽ കോടതി ഇത്തരമൊരു സാങ്കേതികത്വം ചൂണ്ടിക്കാട്ടിയ ഉടനെ സെക്ഷൻ 17 എ പ്രകാരം വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതിന് സർക്കാരിന്റെ അനുമതി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ഗവർണർക്കും ഇപ്പോൾ ഹരജി നൽകിയിട്ടുണ്ട്.
ഈ ഹരജിയിൽ തീരുമാനമാകുന്നത് വരെ കോടതിയിൽ ഇപ്പോൾ നൽകിയ ഹരജിയുമായി മുന്നോട്ടു പോകുന്നത് അനുചിതമാണ് എന്ന നിയമ വിദഗ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയിലുള്ള കേസ് താൽക്കാലികമായി പിൻവലിക്കാൻ തീരുമാനിച്ചത്. ഇത് തികച്ചും സാങ്കേതിക നടപടിക്രമം മാത്രമാണ്. സർക്കാർ തീരുമാനം വരുന്ന മുറക്ക് വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യം നമ്മുടെ മുന്നിലുണ്ടെന്നും ഫിറോസ് എഫ്.ബി പോസ്റ്റിൽ കുറിച്ചു. 

 

Latest News