Sorry, you need to enable JavaScript to visit this website.

സി.ഒ.ടി. നസീർ വധശ്രമം ഷംസീറിനെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യാൻ നീക്കം 


തലശ്ശേരി - സി.ഒ.ടി നസീർ വധശ്രമ കേസുമായി ബന്ധപ്പെട്ട് തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീറിന്റെ മൊഴി രേഖപ്പെടുത്തുന്നത് രഹസ്യ കേന്ദ്രത്തിലാക്കാൻ പോലീസ് നീക്കം. മാധ്യമ ശ്രദ്ധ ഇല്ലാതാക്കാൻ കണ്ണൂർ ജില്ലക്ക് പുറത്തുവെച്ച് മൊഴിയെടുക്കാനാണ് നീക്കം നടത്തുന്നത്. രാത്രി സമയത്ത് മാധ്യമങ്ങളെ  വെട്ടിച്ച് ഗസ്റ്റ് ഹൗസിലോ മറ്റോ വെച്ച് എം.എൽ.എയുടെ മൊഴിയെടുക്കുമെന്നാണ് പോലീസുമായി അടുത്ത കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച വിവരം. അടുത്തയാഴ്ചയേ മൊഴി രേഖപ്പെടുത്തൂവെന്നും വിവരമുണ്ട്. അതിനിടെ കേസന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി സി.ഒ.ടി നസീർ അടുത്തയാഴ്ച കോടതിയെ സമീപിക്കും.
തന്നെ അക്രമിക്കാൻ ഗൂഢാലോചന നടത്തിയതിന് പിന്നിൽ ഷംസീറാണെന്ന് നസീർ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ വി.കെ വിശ്വംഭരന് മൊഴി നൽകിയിരുന്നു. കേസിൽ ഷംസീറുമായി അടുത്ത ബന്ധമുള്ളവരടക്കം ഇതുവരെ 10 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഷംസീറിന്റെ വലംകൈയായ സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി കതിരൂർ പുല്യോട്ടെ എൻ.കെ. രാഗേഷ് ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതികൾ മുഴുവൻ റിമാൻഡിലാണ്. ഒരു മാസത്തിലേറെ കാലമായി കേസിൽ പോലീസ് പ്രതികളിലാരെയും അറസ്റ്റ് ചെയ്തിരുന്നില്ല. മൂന്ന് പ്രതികളെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ബാക്കി ആറ് പ്രതികളും കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു. രാഗേഷിനെ പോലീസ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 
പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കണ്ടതോടെയാണ് നസീർ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അഡ്വ. സി.ഒ.ടി ഫവാദ് മുഖേനനെ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തലശ്ശേരി സെഷൻസ് കോടതിയിൽ ഹരജി സമർപ്പിക്കാനാണ് നീക്കം. ഇതിനു വേണ്ട എല്ലാ രേഖകളും നസീർ കോടതിയിൽ നിന്നടക്കം ശേഖരിച്ച് കഴിഞ്ഞു. അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയാവും ഹരജി നൽകുക. ഹരജി തലശ്ശേരി കോടതി തള്ളുന്ന പക്ഷം ഹൈക്കോടതിയെ സമീപിക്കാനും നസീറിന് പരിപാടിയുണ്ട്. 
അന്വേഷണ ഉദ്യോഗസ്ഥനായ വി.കെ. വിശ്വംഭരനെ സ്ഥലം മാറ്റി പുതിയ സി.ഐയായ സനൽ കുമാറിനെ അന്വേഷണ ചുമതല ഏൽപിച്ച് കേസ് അട്ടിമറിക്കുകയാണെന്ന് നസീർ സംശയിക്കുന്നു. കേസിൽ ഷംസീറിനെ ഇതുവരെ ചോദ്യം ചെയ്യാത്തതും അറസ്റ്റ് ചെയ്യാത്തതും പോലീസിന്റെ കള്ളക്കളിയാണെന്നാണ് സംശയം. മുഖ്യ പ്രതി പൊട്ടിയൻ സന്തോഷിനെ അറസ്റ്റ് ചെയ്യാതെ കോടതിയിൽ കീഴടങ്ങാനുള്ള അവസരമൊരുക്കിയ പോലീസ് നടപടി പോലീസ് പ്രതികളെ സഹായിക്കുന്നതിന്റെ തെളിവാണെന്നും നസീർ പരാതിപ്പെടുന്നു. ബി.ജെ.പി നേതാവ് എം.പി. സുമേഷിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ പൊട്ടിയൻ സന്തോഷ് ഈ കേസിന്റെ വിധി പ്രഖ്യാപന ദിവസം കോടതിയിൽ ഹാജരാകുമെന്ന് പോലീസിന് ബോധ്യമുണ്ടായിട്ടും അറസ്റ്റ് ചെയ്യാതെ കാഴ്ചക്കാരായി നോക്കിനിൽക്കുകയായിരുന്നു. കേസ് അട്ടിമറിക്കാനുള്ള സി.പി.എം - പോലീസ് നീക്കത്തിനെതിരെ കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനുള്ള നിയമ പോരാട്ടത്തിന്റെ വഴിയിലാണ് നസീർ.

Latest News