Friday , November   15, 2019
Friday , November   15, 2019

തലവേദനക്കും പനിക്കുമുള്ള പരിഹാരം ഇനി അലക്‌സയോട് ചോദിക്കാം 

പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്, നല്ല തലവേദന; എന്തു ചെയ്യണം തുടങ്ങിയ ചോദ്യങ്ങൾ ഇനി അലക്‌സയോട് ചോദിച്ചാൽ മതി.  ആമസോൺ സ്മാർട്ട് സ്പീക്കർ ഉപയോഗിച്ച് ഉത്തരം കാര്യങ്ങൾക്ക് ഉത്തരം തേടുന്നതിന് ബ്രിട്ടീഷ് സർക്കാർ അംഗീകാരം നൽകി. 
ആമസോൺ സ്പീക്കറുകളിലൂടെ നാഷണൽ ഹെൽത്ത് സർവീസാണ് (എൻ.എച്ച്.എസ്) ആരോഗ്യവും ചികിത്സയുമായി ബന്ധപ്പെട്ട ഇത്തരം ലളിതമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും വിവരങ്ങളും നൽകുക. 
ലോകത്ത് തന്നെ ആദ്യ സംരംഭമാണിത്. ആയിരക്കണക്കിനു രോഗാവസ്ഥകൾക്ക് മികച്ച ഉപദേശങ്ങൾ നൽകുന്ന ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റാണ് എൻ.എച്ച്.എസിന്റേത്. രോഗലക്ഷണങ്ങൾ പരിശോധിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയ സേവനമെന്ന ഖ്യാതി എൻ.എച്ച്.എസ് ഇതിനകം സമ്പാദിച്ചിട്ടുമുണ്ട്. 
അമേരിക്ക ആസ്ഥാനമായുള്ള ടെക്‌നോളജി ഭീമനായ ആമസോണുമായി ബ്രിട്ടീഷ് സർക്കാരിന്റെ ആരോഗ്യ വകുപ്പ് കരാറിലെത്തിയതിനെ ഡോക്ടർമാരും പ്രൊഫഷണലുകളും അഭിന്ദിക്കുന്നു. ഓൺലൈനിലൂടെ ലഭിക്കുന്ന വ്യാജ ഉപദേശങ്ങൾ സ്വീകരിക്കുന്നതുവഴിയുള്ള പ്രശ്‌നങ്ങൾ ഇതോടെ ഇല്ലാതാകുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. 
അതേസമയം,  മെഡിക്കൽ ഡാറ്റ ശേഖരിക്കുന്നതിനും അവരെ പരസ്യങ്ങൾക്ക് ടാർഗറ്റ് ചെയ്യുന്നതിനും ആമസോൺ ശ്രമിക്കുമെന്ന കാര്യം ചൂണ്ടിക്കാട്ടി സ്വകാര്യതാ അവകാശങ്ങൾക്കു വേണ്ടി രംഗത്തുള്ളവർ ഇതിനെ എതിർക്കുകയാണ്. 
ആളുകൾക്ക് അവരുടെ വീടുകളിൽ തന്നെ വിശ്വസനീയവും ലോകത്തെ മുൻനിരയിലുള്ളതുമായ ദേശീയ ആരോഗ്യ സേവനത്തിൽനിന്നുള്ള ഉപദേശം ലഭിക്കുമെന്നത് ടെക്‌നോളജിയെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ്.  ജോലിഭാരം കാരണം ബുദ്ധിമുട്ടുന്ന ഡോക്ടർമാർക്കും ഫാർമസിസ്റ്റുകൾക്കും ഇതു വലിയ ആശ്വസമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  
മെഡിക്കൽ ഉത്തരങ്ങൾക്കായി എൻഎച്ച്എസ് വെബ്‌സൈറ്റുകളിൽ തിരയുന്നതിനുള്ള ശേഷി കൂടി ഉൾപ്പെടുത്തി തങ്ങളുടെ  എക്കോ സ്മാർട്ട് സ്പീക്കറുകൾ അപ്‌ഡേറ്റ് ചെയ്യാൻ ആരംഭിച്ചതായി ആമസോൺ വെളിപ്പെടുത്തി. അടുത്ത വർഷത്തോടെ 
പകുതിയോളം രോഗലക്ഷണങ്ങൾ പരിശോധിക്കാനും പകുതിയോളം മെഡിക്കൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും  വോയ്‌സ്  സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് യു.കെ ആരോഗ്യ വകുപ്പ് കരുതുന്നു. 


പുതിയതും കൂടുതൽ വിശ്വസനീയവുമായ സേവനം പ്രായമായവർക്കും അന്ധർക്കും  വളരെയേറെ സഹായകമാകുമെന്നും പ്രസ്താവനയിൽ അവകാശപ്പെടുന്നു. ശബ്ദസേവനങ്ങളുടെ വർധിച്ച ഉപയോഗത്തിലേക്ക് ഉപഭോക്താക്കളുടെ ശീലങ്ങൾ മാറ്റാനുളള സർക്കാർ തീരുമാനത്തെ ആരോഗ്യ രംഗത്തെ പ്രൊഫഷനലുകൾ സ്വാഗതം ചെയ്തു. എന്നാൽ ദേശീയ ആരോഗ്യ സേവനം നൽകുന്ന ഉപദേശങ്ങളും തുടർന്ന് സ്വീകരിക്കുന്ന നടപടികളും സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ ഗവേഷണം അനിവാര്യമാണെന്ന് റോയൽ കോളേജ് ഓഫ് ജി.പി അധ്യക്ഷ ഹെലൻ സ്റ്റോക്ക്‌സ് ലംപാർഡ് പറഞ്ഞു. 
ഉപയോക്താക്കളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും വാദിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത് മറ്റു വസ്തുതകളാണ്. വോയ്‌സ് റെക്കോർഡിംഗുകൾ ആമസോൺ അവരുടെ ഡാറ്റ സെന്ററുകളിലാണ് ശേഖരിക്കുന്നത്. പൊതുജനങ്ങളെ തങ്ങളുടെ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റകൾ ശേഖരിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്ന കോർപറേറ്റ് ഭീമന് കൈമാറാനാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ഇതേക്കുറിച്ച് പുനരലോചന വേണമെന്നും ബ്രിട്ടനിലെ പ്രമുഖ സിവിൽ ലിബർട്ടീസ് ഗ്രൂപ്പായ ബിഗ് ബ്രദർ വാച്ച് ഡയരക്ടർ സിൽകീ കാർലോ പറഞ്ഞു. ഡാറ്റ ചോർച്ചയുടെ വലിയ ദുരന്തമാണ് വരാനിരിക്കുന്നത്. വിശ്വസവും സ്വകാര്യതയും എടുത്തുമാറ്റുന്നതോടെ ആരോഗ്യ പരിരക്ഷ തന്നെ അപകടത്തിലാകുമെന്ന് കാർലോ പറഞ്ഞു.