സ്മാർട്ട് ഫോണുകൾ ഇ വേസ്റ്റ് കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
കുമിഞ്ഞുകൂടുന്ന ഇലക്ട്രോണിക് വേസ്റ്റ് എല്ലാവരുടേയും പ്രശ്‌നമാണ്. പരിസ്ഥിതിക്ക് ആഘാതമേൽപിക്കുന്ന വലിയ പ്രതിസന്ധിയായി അത് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിൽ റിപ്പയർ ചെയ്യുന്നതിനേക്കാൾ നല്ലത് പുതിയതൊന്നു വാങ്ങുകയല്ലേ എന്ന ചിന്താഗതിയിലേക്കാണ് കമ്പനികൾ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത്. സർവീസ് സ്റ്റേഷനുകളെ തീറ്റിപ്പോറ്റുന്നതിനേക്കാൾ നല്ലത് ഉൽപന്നങ്ങളുടെ തന്നെ വില കുറയ്ക്കുകയാണെന്ന് പ്രശസ്ത കമ്പനികൾ പോലും ചിന്തിക്കുന്നു. അങ്ങനെ ആയുസ്സില്ലാത്ത സാധനങ്ങൾ വിപണിയിൽ നിറയുന്നു.
2010 നും 2015 നും ഇടയിൽ കിഴക്കൻ, തെക്കു കിഴക്കനേഷ്യയിലെ മാത്രം ഇ വേസ്റ്റ് 63 ശതമാനം വർധിച്ചുവെന്നാണ് ഈയിടെ ഒരു സർവേയിൽ കണ്ടെത്തിയത്. 12.3 ദശലക്ഷം ടൺ വരും ഈ രാജ്യങ്ങളിലെ ഇ വേസ്റ്റ്.
പല രാജ്യങ്ങളും അടുത്ത കാലത്തായി ഇ വേസറ്റ് ഒഴിവാക്കുന്നതിനായി പ്രത്യേക നിയമങ്ങൾ തന്നെ നിർമിച്ചിട്ടുണ്ട്. എന്നാൽ അവ പ്രയോഗത്തിൽ വരുത്താറില്ലെന്നു മാത്രം. യൂറോപ്പിലെ 65 ശതമാനം ഇ വേസ്റ്റുകളും നിർദേശിക്കപ്പെട്ട തരത്തിൽ റീസൈക്കിൾ ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
മൊബൈൽ ഫോൺ മാലിന്യം വർധിച്ച പശ്ചാത്തലത്തിൽ പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് റിപ്പയർ ചെയ്യാവുന്ന മൊബൈൽ ഫോണുകളാണോ കമ്പനികൾ പുറത്തിറക്കുന്നതെന്ന് പരിശോധിച്ചു. തകരാറുകൾ എളുപ്പം പരിഹരിക്കാവുന്ന വിധമല്ല മിക്ക ഫോണുകളും നിർമിക്കുന്നത്. ഉപഭോക്താവ് തകരാറായ പഴയ ഫോൺ കളഞ്ഞ് പുതിയതു വാങ്ങുന്നതാണ് കമ്പനികൾക്ക് ലാഭം.
റിപ്പയർ ചെയ്യാനാകാത്ത ഫോണുകൾ വലിയ പ്രശ്‌നമായി മാറുകയാണ്. നന്നാക്കാൻ സാധ്യമല്ലെങ്കിൽ വലിച്ചെറിയുകയല്ലാതെ വേറെ വഴിയില്ല. ഇങ്ങനെ ഇ വേസ്റ്റ് കുമിയുമ്പോൾ റിപ്പയർ ചെയ്യാൻ സാധിക്കുകയെന്നത് പരിസ്ഥിതി സംരക്ഷണ കാര്യത്തിൽ വലിയ സ്ഥാനം പിടിക്കുന്നു. റിപ്പയർ ചെയ്യാവുന്ന ഫോണുകൾ പുറത്തിറക്കകയും ഉപഭോക്താക്കൾക്ക് അത് സ്വീകാര്യമാവുകയുമാണ് ഇ വേസ്റ്റ് പ്രശ്‌നം പരിഹരിക്കുന്നതിൽ വളരെ പ്രധാനം. എന്നാൽ മിക്ക സ്മാർട്ട് ഫോണുകളിലും റിപ്പയർ ചെയ്യാൻ സാധിക്കുമെന്നത് ഒരു മേന്മയേ അല്ലതായി മാറി. ടാബ്‌ലറ്റുകളായാലും ലാപ്‌ടോപ്പുകളായാലും ഇതു തന്നെയാണ് സ്ഥിതി. റിപ്പയർ ചെയ്യാനെടുക്കുന്ന സമയം, അപ്‌ഗ്രേഡ് ചെയ്യാനുള്ള സാധ്യത, സ്‌പെയർപാർട്ടുകളുടേയും റിപ്പയർ മാന്വലുകളുടേയും ലഭ്യത തുടങ്ങിയ ഘടകങ്ങൾ വെച്ച് 2015 നും 2017 നും ഇടയിൽ ഇറങ്ങിയ സ്മാർട്ട് ഫോണുകൾ വെച്ച് ഗ്രീൻ പീസ് പഠിച്ചപ്പോൾ ഒറ്റ ഫോൺ മാത്രമാണ് മുഴുവൻ മാർക്കും നേടിയത്- ഫെയർ ഫോൺ 2. ഇതിന്റെ ഘടകങ്ങൾ വെവ്വേറെ വാങ്ങി യോജിപ്പിക്കാം. ടാബ്‌ലറ്റുകളിൽ എച്ച്.പിയുടെ എക്‌സ് 2, ലാപ്‌ടോപ്പുകളിൽ ഡെൽ ലാറ്റിറ്റിയൂഡ് ഇ5270 എന്നിവയാണ് മാർക്ക് നേടിയത്.
പുതിയ ഉപകരണങ്ങളോടുള്ള നമ്മുടെ കൗതുകം ഒരിക്കലും അവസാനിക്കില്ല. കമ്പനികളാകട്ടെ റിപ്പയർ ചെയ്യാവുന്ന ഫോണുകൾ ഇറക്കുകയുമില്ല. ഇ വേസ്റ്റ് വർധിച്ചുകൊണ്ടേയിരിക്കുമെന്നർഥം.
അവ റീസൈക്കിൾ ചെയ്യാനുള്ള സൗകര്യം വേണ്ടത്ര മൂന്നാം ലോകത്തില്ല. അതിനുവേണ്ടി തയാറാക്കപ്പെട്ട നിയമങ്ങൾ നടപ്പിലാക്കപ്പെടുന്നുമില്ല. വികസിത ലോകത്ത് ഉപയോഗിച്ച ഫോണുകളാകുന്ന ഇ വേസ്റ്റുകൾ മൂന്നാം ലോകത്ത് ഇറക്കുന്നതും പുതുമയല്ല.