യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി; നാല് സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

നെട്ടൂര്‍- എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ നാല് പേര്‍ പോലീസ് കസ്റ്റഡിയില്‍. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകന്‍ അര്‍ജുനാണ് കൊല്ലപ്പെട്ടത്.
നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. കസ്റ്റിഡിയിലുള്ളവര്‍ അര്‍ജുന്റെ സുഹൃത്തുക്കളാണ്.

യുവാവിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ റോണി, നിപിന്‍ എന്നിവരെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. പ്രതികള്‍  ലഹരിക്കച്ചവട സംഘത്തിലെ അംഗങ്ങളാണെന്ന് പോലീസ് പറയുന്നു.

ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളില്‍ ഒരാളുടെ സഹോദരന്റെ അപകട മരണത്തിന്റെ കാരണം അര്‍ജുന്‍ ആണെന്ന വിശ്വാസമാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് പോലീസ് പറഞ്ഞു. സംഭവ ദിവസം പെട്രോള്‍ തീര്‍ന്നുവെന്ന കാരണം പറഞ്ഞ് അര്‍ജുനെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിച്ച ശേഷം ചതുപ്പില്‍ കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു.

കഴിഞ്ഞ വര്‍ഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അര്‍ജുന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തിരുന്നു. കളമശേരിയില്‍ വെച്ച് അപകടത്തില്‍ ബൈക്കോടിച്ചിരുന്നയാള്‍ മരിച്ചു. അര്‍ജുന് സാരമായി പരിക്കേറ്റിരുന്നു. അര്‍ജുന്‍ തന്റെ സഹോദരനെ കൊണ്ടു പോയി കൊന്നുകളഞ്ഞതായി മരിച്ചയാളുടെ സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.


സംഭവത്തില്‍ പൊലീസിനു വീഴ്ച പറ്റിയതായി അര്‍ജുന്റെ പിതാവ് വിദ്യന്‍ ആരോപിച്ചു. രണ്ടാം തിയതി മുതല്‍ യുവാവിനെ കാണാനില്ലെന്ന് കാണിച്ച് പനങ്ങാട് പോലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായി അന്വേഷിച്ചില്ല. ബുധനാഴ്ച ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് അന്വേഷണം ആരംഭിച്ചത്. ഒരിക്കല്‍ കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം പോലീസ് വിട്ടയച്ചിരുന്നു. സ്വന്തം നിലയ്ക്ക് അന്വേഷിക്കാന്‍ പോലീസ് പറഞ്ഞതായും വിദ്യന്‍ ആരോപിക്കുന്നു.

 

 

Latest News