Sorry, you need to enable JavaScript to visit this website.

സന്ദർശക വിസയിലെത്തി ദുരിതത്തിലായ ഇന്ത്യൻ വീട്ടുവേലക്കാരിയെ നാട്ടിലെത്തിച്ചു

ദമാം- സന്ദർശക വിസയിലെത്തി ദുരിതത്തിലായ ഇന്ത്യൻ വീട്ടുവേലക്കാരിയെ സാമൂഹ്യ പ്രവർത്തകരുടെയും എംബസിയുടെയും സഹായത്താൽ നാട്ടിലെത്തിച്ചു. ഒരു വർഷം മുൻപാണ് ഹൈദരാബാദ് സ്വദേശി ഷക്കീല ബീഗം റിയാദിലെ ഒരു സ്വദേശിയുടെ വീട്ടിൽ ജോലിക്കെത്തിയത്. 
കുടുംബത്തിന്റെ ദാരിദ്ര്യമകറ്റാൻ ഏറെക്കാലം ദുബായിലും കുവൈത്തിലും പ്രവാസ ജീവിതം നയിച്ചെങ്കിലും കാര്യമായൊന്നും നേടാൻ കഴിഞ്ഞില്ല. ഭർത്താവുപേക്ഷിച്ച ഷക്കീല മക്കളെയും മാതാപിതാക്കളെയും സംരക്ഷിക്കേണ്ട ചുമതല നിർവഹിക്കാൻ എന്ത് ജോലിയും ചെയ്യാൻ തയാറായി. 
ഏറെ ദുരിതങ്ങൾ പേറിയാണെങ്കിലും വീട്ടുകാരുടെ പ്രയാസങ്ങൾ നീക്കി സന്തോഷത്തോടെ ജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് റിയാദിലേക്ക് മെച്ചപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളും നൽകാമെന്ന വാഗ്ദാനത്തോടെ വീട്ടുവേലക്കാരിയുടെ ജോലിക്കായി എത്തിയത്. ബന്ധുവും ഏജന്റും ചേർന്ന് മെഡിക്കൽ ഒന്നും എടുക്കാതെ വിസ അടിക്കുകയും ടിക്കറ്റ് വളരെ പെട്ടെന്ന് ശരിയാക്കി റിയാദിലെത്തിക്കുകയും ചെയ്തു. വരുന്നതിനു മുൻപ് എജന്റിനോട് മെഡിക്കലിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് വിഐപി സൗദിയുടെ വിസയാണെന്നും അതിനു മെഡിക്കൽ ആവശ്യമില്ലെന്നുമായിരുന്നു മറുപടി. ഇവിടെ എത്തിയ ഉടനെ സൗദി വീട്ടുടമ മെഡിക്കൽ എടുക്കുകയും ഇഖാമ എല്ലാം ശരിയായി എന്നറിയിക്കുകയും ചെയ്തു. അഞ്ചു മാസം കഴിഞ്ഞിട്ടും ഇഖാമ കൈവശം തരുന്നില്ലെന്ന് കണ്ടപ്പോൾ സ്‌പോൺസറോട് ചോദിച്ച നേരം അദ്ദേഹം കുപിതനായി. പിന്നീടങ്ങോട്ടു വീട്ടുകാരുടെ ശകാരവും കുറ്റപ്പെടുത്തലുമായി ദിവസങ്ങൾ മുന്നോട്ടു പോയി. ആറു മാസമായതോടെ നാട്ടിലേക്ക് തിരിച്ചയക്കുകയാണെന്നു പറയുകയും ടിക്കറ്റിന്റെ ചെലവെന്നു പറഞ്ഞ് ശമ്പളത്തിൽ കുറവ് വരുത്തുകയും ചെയ്തു. 
എന്നാൽ ദിവസങ്ങൾ കാത്തിരുന്നിട്ടും ടിക്കറ്റോ, നാട്ടിലേക്ക് അയക്കലോ ഉണ്ടായില്ല. പിന്നീടുള്ള ശമ്പളവും ലഭിച്ചില്ല. ഒരു ദിവസം സ്‌പോൺസർ സമീപിച്ച് ഉടൻ യാത്ര പുറപ്പെടണമെന്നും ടിക്കറ്റ്്് ശരിയായിട്ടുണ്ടെന്നും അറിയിച്ചു. എന്നാൽ കാറിൽ കയറ്റി കൊണ്ടുപോയത് ഇന്ത്യൻ എംബസിയുടെ മുന്നിലേക്കായിരുന്നു. അവിടെ ഇറക്കി സ്‌പോൺസർ സ്ഥലം വിട്ടു. തുടർന്ന് എംബസി അധികൃതർ ഷക്കീലക്ക് എംബസി ഷെൽട്ടറിൽ അഭയം നൽകി. 
തുടർന്ന് നാട്ടിലയക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചപ്പോഴാണ് ഷക്കീലയുടേത് സന്ദർശന വിസയാണെന്നറിഞ്ഞത്. ഈ വിസയുടെ കാലാവധി മൂന്നു മാസമായതിനാൽ കാലവധി അവസാനിക്കുകയും അത് പുതുക്കാതെ ആറു മാസം പിന്നിടുകുയും ചെയ്തിരുന്നു.
15,000 റിയാൽ പിഴ ഒടുക്കേണ്ടതിനാൽ എക്‌സിറ്റ് അടിക്കാൻ നിർവാഹമില്ലാതായി. ചട്ടങ്ങൾ മറികടന്നു എക്‌സിറ്റ് നൽകാൻ എംബസിക്ക് കഴിയാത്തതിനാൽ ഷക്കീലയുടെ മടക്ക യാത്ര നീണ്ടു. എംബസിയുടെ നിർദേശ പ്രകാരം ഷക്കീലയെ ദമാമിൽ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ അടുത്തേക്കയച്ചു. നാസ് വക്കം ദമാം തർഹീൽ മേധാവിയെ നേരിൽ കണ്ട് ഷക്കീലയുടെ ദുരിത കഥ വിവരിച്ചു. ഇതേത്തുടർന്ന് പിഴ ഒഴിവാക്കി എക്‌സിറ്റ് ലഭിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ ലേബർ സെക്രട്ടറി വിജയകുമാർ സിംഗ്്്, വസീഉള്ള എന്നിവരുടെ സാന്നിധ്യത്തിൽ യാത്രാ രേഖകൾ നൽകി ഷക്കീലയെ നാട്ടിലേക്ക് അയച്ചു.
 

Tags

Latest News