Sorry, you need to enable JavaScript to visit this website.

തോൽവിക്ക് ശേഷം രാഹുൽ ആദ്യമായി അമേത്തിയിൽ; പ്രതിപക്ഷത്തിരുന്നു പോരാടുന്നതിൽ ആവേശം

അമേത്തി- ലോക് സഭാ തിരഞ്ഞെടുപ്പിൽ അമേത്തിയിൽ പരാജയപ്പെട്ട മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയത്തിനു ശേഷം ആദ്യമായി അമേത്തിയിലെത്തി. അമേത്തിക്ക് വേണ്ടി പാർലമെന്റിൽ ശക്തമായി വാദിക്കാൻ മുന്നിൽ ഉണ്ടാകുമെന്ന പ്രഖ്യാപനവുമായാണ് രാഹുൽ തന്റെ മുൻ മണ്ഡലത്തിൽ എത്തിയത്. അതേസമയം, രാഹുലിന്റെ പരാജയത്തില്‍ അമിതമായ ആത്മവിശ്വാസമാണ് വിനയായതെന്നു പ്രാദേശിക നേതാക്കൾ പ്രതികരിച്ചു. ബി ജെ പി യിലെ സ്‌മൃതി ഇറാനിയോട് 55000 വോട്ടിന്റെ പരാജയമാണ് രാഹുൽ അമേത്തിയിൽ ഏറ്റുവാങ്ങിയത്. 
       അമേത്തിയിലെത്തിയ രാഹുൽ പ്രാദേശിക നേതാക്കളുമായും പ്രവർത്തകരുമായും  ഗൗരിഗഞ്ചിലെ നിർമല ദേവി എഡ്യുക്കേഷണൽ കേന്ദ്രത്തിൽ വെച്ച് ചർച്ചകൾ നടത്തുകയും ചെയ്‌തു. മൂന്നു തവണയായി അമേഠിയെ പ്രതിനിധീകരിച്ചു പാർലമെന്റിൽ എത്തിയ രാഹുൽ പ്രവർത്തകരുമായി പരാജയ കാരണങ്ങൾ വിലയിരുത്തി. പ്രതിപക്ഷ സ്ഥാനത്തിരുന്നു നമ്മൾ പോരാടും. അത് നമുക്ക് ആവേശമാണ്. നിലവിലെ സാമ്പത്തിക സ്ഥിതി നമുക്ക് അറിയാം. കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന അഴിമതി ഭരണത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് നമ്മൾ. നിരവധി വിഷയങ്ങൾ നമുക്ക് ഉന്നയിക്കാനുണ്ട്. പ്രവർത്തകർ കൂടുതലായി പൊതുജനങ്ങളിലേക്ക് ഇറങ്ങി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ മുന്നിൽ നിൽക്കേണ്ടതുണ്ട്. രാഹുൽ നേതാക്കളുടെ യോഗത്തിൽ പറഞ്ഞു. 
      ഞാൻ വയനാട്ടിലെ എം പി യാണിപ്പോൾ. പക്ഷെ കഴിഞ്ഞ 15 വർഷം ഞാൻ അമേത്തിക്കു വേണ്ടി പ്രവർത്തിച്ചു. ഇവിടെയുള്ളവരുമായി എനിക്ക് നേരിട്ട് ബന്ധങ്ങളുണ്ട്. തോറ്റുവെന്ന കാരണത്താൽ ഞാൻ അമേത്തിയെ  ഉപേക്ഷിക്കില്ല.പ്രവർത്തകർക്കും അമേത്തി നിവാസികൾക്കും ആവശ്യമുള്ള സഹായങ്ങൾ ചെയ്‌തു കൊണ്ടേയിരിക്കും. പുലർച്ചെ നാല് മണിക്ക് നിങ്ങൾക്ക് ഒരാവശ്യവുമായി വിളിച്ചാലും ഞാൻ നിങ്ങളുടെ മുന്നിൽ ഉണ്ടാകും. രാഹുൽ പറഞ്ഞു. അതേസമയം, 1977 ലും കോൺഗ്രസിന് അമേത്തി നഷ്‌ടപ്പെട്ടിട്ടുണ്ടെന്നും എങ്കിലും പിന്നീട് മൂന്ന് വർഷത്തിനുള്ളിൽ അമേത്തി തിരിച്ചു പിടിക്കുക മാത്രമല്ല കേന്ദ്ര ഭരണം തന്നെ രൂപീകരിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സഞ്‌ജയ്‌ സിങ് പറഞ്ഞു. 

Latest News