Sorry, you need to enable JavaScript to visit this website.

വളാഞ്ചേരിയില്‍ ഹോം നഴ്‌സിന്റെ മരണം കൊലപാതകമെന്ന് പോലീസ് നിഗമനം

വളാഞ്ചേരി- വൈക്കത്തൂരിലെ വാടക ക്വാട്ടേഴ്്‌സില്‍ താമസിച്ചിരുന്ന ഹോംനഴ്്‌സിന്റ മരണം കൊലപാതമാണെന്ന് പോലീസ് നിഗമനം. തിരുവനന്തപുരം പൂന്തുറ സ്വദേശിനിയായ സൂഫിയ മന്‍സിലില്‍ റഫീഖിന്റെ ഭാര്യ നഫീസത്തി (52)നെ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു ദിവസത്തോളം പഴക്കമുള്ള മൃതദേഹം വളാഞ്ചേരി വൈക്കത്തൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കണ്ടത്. പോലീസ് നടത്തിയ അന്വഷണത്തില്‍ നഫീസത്തിനെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പടുത്തിയതാണെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.

വീട്ടിലെ മുറിക്കുള്ളില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവരെക്കുറിച്ചു ഫോണില്‍ വിവരങ്ങള്‍ ലഭ്യമാകാതിരുന്നതോടെ  പൊന്നാനിയിലുള്ള നഫീസത്തിന്റെ മകന്‍ ഷഫീഖ് ചൊവ്വാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വാതിലുകള്‍ തുറന്നിട്ട നിലയിലായിരുന്നു. ടി.വിയും ലൈറ്റുകളും പ്രവര്‍ത്തിച്ചിരുന്നു. തിരൂര്‍ ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, വളാഞ്ചേരി എസ്.എച്ച്.ഒ എം.മനോഹരന്‍, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി. വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി താമസിച്ച് ഹോം നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നഫീസത്ത്. നാലു മാസം മുമ്പാണ് വൈക്കത്തൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ തനിച്ച് താമസം തുടങ്ങിയത്.
നഫീസത്തുമായും അവര്‍ ജോലി ചെയ്യുന്ന വീടുമായും ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

 

Latest News