കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ തേനീച്ചക്കൂട്ടം; യാത്രക്കാര്‍ ഒരു മണിക്കൂര്‍ വിമാനത്തില്‍ കുടുങ്ങി

കണ്ണൂര്‍ - കുറുക്കനു പിന്നാലെ തേനീച്ചയും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തേനീച്ചക്കൂട്ടത്തിന്റെ ശല്യം മൂലം യാത്രക്കാര്‍ക്കു വിമാനത്തില്‍നിന്ന് പുറത്തിറങ്ങാനായില്ല. കുവൈത്തില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രികര്‍ക്കാണ് തേനീച്ചക്കൂട്ടത്തിന്റെ ശല്യം മൂലം ഒരു മണിക്കൂറോളം വിമാനത്തിനകത്തു  കഴിയേണ്ടി വന്നത്.

വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ ഇറങ്ങുന്നതിനു മുമ്പു തന്നെ തേനീച്ചകൂട്ടം വിമാനത്തെ വലയം ചെയ്തിരുന്നു. ഇതിനാല്‍ വാതില്‍ തുറക്കാനായില്ല. ഏറെ നേരം കാത്തു നിന്നിട്ടും ഇവ ഒഴിഞ്ഞു പോയില്ല. എന്നാല്‍ മഴ വന്നതോടെ ഇവ ഒഴിഞ്ഞു. തുടര്‍ന്ന് മഴ ശക്തമായതോടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ കഴിയാതെയായി. മഴ നിലച്ചതും തേനീച്ചകൂട്ടം വീണ്ടും എത്തി. പിന്നീട് ഏറെ സമയത്തിനു വലതു വശത്തെ ഡോര്‍ തുറന്നാണ് ആളുകളെ ഓരോരുത്തരായി പുറത്തേക്ക് ഇറക്കിയത്. തേനീച്ച ശല്യവും മഴയും മൂലം ഒരു മണിക്കൂറോളം വൈകിയാണ് യാത്രക്കാര്‍ക്കു പുറത്തേക്കിറങ്ങാന്‍ സാധിച്ചത്.
നേരത്തെ റണ്‍വേയില്‍ കുറുക്കന്‍മാര്‍ ഇറങ്ങിയതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിംഗിനു തടസ്സം നേരിട്ടിരുന്നു. റണ്‍വേയില്‍ നിന്ന് വെള്ളമെ#ാഴുകിപ്പോവാനായി നിര്‍മ്മിച്ച തുരങ്കം വഴിയാണ് അന്ന് കുറുക്കന്‍മാര്‍ റണ്‍വേയിലെത്തിയത്. പിന്നീട് കമ്പിവല ഉപയോഗിച്ച് ഈ തുരങ്കങ്ങളെല്ലാം മൂടിയതിനു ശേഷമാണ് കുറുക്കന്‍മാരുടെ ശല്യം അവസാനിച്ചത്.

 

Latest News