Sorry, you need to enable JavaScript to visit this website.

സൗരോർജ പദ്ധതികളുടെ രണ്ടാം ഘട്ടത്തിന് തുടക്കം;മദീനയിലും റഫ്ഹയിലും വന്‍പദ്ധതി

റിയാദ് - സൗദിയിൽ ദേശീയ പുനരുപയോഗ ഊർജ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായതായി ഊർജ, വ്യവസായ മന്ത്രാലയം അറിയിച്ചു. രണ്ടാം ഘട്ടത്തിൽ ആറു സൗരോർജ പദ്ധതികളാണ് നടപ്പാക്കുക. ഈ പദ്ധതികൾ നടപ്പാക്കുന്നതിന് 60 കമ്പനികൾക്ക് യോഗ്യത കൽപിച്ചിട്ടുണ്ട്. ഇതിൽ 28 എണ്ണം സൗദി കമ്പനികളും 32 എണ്ണം വിദേശ കമ്പനികളുമാണ്. 


രണ്ടാം ഘട്ടത്തിൽ എ വിഭാഗത്തിൽ പെട്ട രണ്ടു സൗരോർജ പദ്ധതികൾ നടപ്പാക്കും. ഇതിൽ ഒന്ന് റഫ്ഹ പദ്ധതിയും രണ്ടാമത്തേത് മദീന പദ്ധതിയുമാണ്. ബി വിഭാഗത്തിൽ പെട്ട നാലു പദ്ധതികളും ഈ ഘട്ടത്തിൽ നടപ്പാക്കും. അൽഫൈസലിയ, ജിദ്ദ, റാബിഗ്, ഖുറയ്യാത്ത് സൗരോർജ നിലയങ്ങളാണിവ. ബി വിഭാഗം സൗരോർജ പദ്ധതികൾക്കുള്ള ടെണ്ടറുകൾ ജൂലൈ 18 ന് ക്ഷണിക്കും. എ വിഭാഗം പദ്ധതികൾക്കുള്ള ടെണ്ടറുകൾ ഓഗസ്റ്റ് ഒന്നിനും ക്ഷണിക്കും. 
ദേശീയ പുനരുപയോഗ ഊർജ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി യോഗ്യത കൽപിക്കപ്പെടുന്നതിന് ആഗ്രഹിക്കുന്ന കമ്പനികളിൽ നിന്ന് ഊർജ, വ്യവസായ മന്ത്രാലയത്തിനു കീഴിലെ പുനരുപയോഗ ഊർജ പദ്ധതി വികസന ഓഫീസ് അപേക്ഷകൾ ക്ഷണിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ ആകെ 1.52 ജിഗാവാട്ട് ശേഷിയുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ഈ പദ്ധതികൾക്ക് 151 കോടി ഡോളർ ചെലവാണ് കണക്കാക്കുന്നത്. 


പുതിയ സൗരോർജ പദ്ധതികൾ വഴി 2,26,500 കുടുംബങ്ങളുടെ ആവശ്യത്തിന് പര്യാപ്തമായ വൈദ്യുതി ലഭിക്കും. 4500 ലേറെ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും പുതിയ പദ്ധതികൾ സഹായിക്കും. പുനരുപയോഗ ഊർജ പദ്ധതികളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് താൽപര്യം പ്രകടിപ്പിച്ച് കഴിഞ്ഞ ജനുവരിയിൽ 256 കമ്പനികൾ രംഗത്തെത്തിയിരുന്നു. ഇതിൽ 100 എണ്ണം സൗദി കമ്പനികളായിരുന്നു. 


കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 300 മെഗാവാട്ട് ശേഷിയുള്ള സകാക സൗരോർജ പദ്ധതിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് താൽപര്യം പ്രകടിപ്പിച്ച് 75 കമ്പനികളും കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള, 400 മെഗാവാട്ട് ശേഷിയുള്ള ദോമത്തുൽജന്ദൽ പദ്ധതിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് താൽപര്യം പ്രകടിപ്പിച്ച് 38 കമ്പനികളുമാണ് രംഗത്തെത്തിയിരുന്നത്. 100 മെഗാവാട്ടും അതിൽ കൂടുതലും ശേഷിയുള്ള പദ്ധതികളെ വൻകിട പദ്ധതികളായും 100 മെഗാവാട്ടിൽ കുറവ് ശേഷിയുള്ള പദ്ധതികളെ ചെറുകിട പദ്ധതികളായും തരംതിരിച്ചാണ് പുനരുപയോഗ ഊർജ പദ്ധതികൾ നടപ്പാക്കുന്നത്. 


വൈദ്യുതി ഉൽപാദനത്തിന് എണ്ണയും പ്രകൃതി വാതകവും ആശ്രയിക്കുന്നത് കുറക്കുന്നതിന് ശ്രമിച്ച് പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്നതിനും കാറ്റിൽ നിന്നും സൗരോർജത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുമുള്ള നീക്കം നേരത്തെ സൗദി അറേബ്യ അറിയിച്ചിരുന്നു. 2030 ഓടെ പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് 9.6 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി അയ്യായിരം കോടിയോളം റിയാൽ നീക്കിവെച്ചിട്ടുണ്ട്. 
ദീർഘകാലാടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി നടപ്പാക്കുന്ന പദ്ധതികളുടെ പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് 200 ജിഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 

 

Latest News