കോര്‍പറേറ്റ് സംഭാവനകളുടെ 93%  ബി.ജെ.പിയ്ക്ക് 

ന്യൂദല്‍ഹി- ദേശീയപാര്‍ട്ടികള്‍ക്ക് ലഭിച്ച കോര്‍പറേറ്റ് സംഭാവനകളുടെ വിവരങ്ങള്‍ പുറത്ത്. 
985.18 കോടി രൂപയാണ് എല്ലാ ദേശീയപാര്‍ട്ടികള്‍ക്കുംകൂടി സംഭാവനയായി വന്നത്. സംഭാവനയുടെ ഉറവിടങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 20,000 രൂപയില്‍ക്കൂടുതല്‍ സംഭാവന നല്‍കുന്നവരുടെ വിവരം വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
എന്നാല്‍, കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തിനിടയില്‍ ബിജെപിക്ക് കോര്‍പറേറ്റുകളില്‍ നിന്നു സംഭാവനയായി ലഭിച്ചത് 915.59 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. അതായത് എല്ലാ ദേശീയപാര്‍ട്ടികള്‍ക്കുമായി ലഭിച്ച സംഭാവനയുടെ 93%.  അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.
2016 മുതല്‍ 2018 വരെയുള്ള കാലയളവിലെ കണക്കാണ് ഇത്.മുന്‍ വര്‍ഷങ്ങളില്‍ ദേശീയപാര്‍ട്ടിക്കു ലഭിച്ച സംഭാവനയെക്കാള്‍ 3% കൂടുതലാണിത്.
1,731 കോര്‍പറേറ്റുകളില്‍ നിന്നാണ് ബിജെപിക്ക് ഇത്രയും സംഭാവന ലഭിച്ചത്. 151 കോര്‍പറേറ്റുകളുടെ പക്കല്‍ നിന്നും കോണ്‍ഗ്രസിനു ലഭിച്ചത് 55.36 കോടി രൂപ മാത്രമാണ്. ഇരുപതിനായിരം രൂപയില്‍ക്കൂടുതല്‍ ബിജെപിക്കു സംഭാവന ലഭിച്ചത് 94% പേരില്‍ നിന്നാണ്. കോണ്‍ഗ്രസിനാകട്ടെ, വെറും 81 ശതമാനവും. 
എന്‍.സി.പിക്ക് 7.73 കോടിയും, സി.പി.ഐ.എമ്മിന് 4.42 കോടിയും തൃണമൂലിന് 2.03 കോടിയും സി.പി.ഐക്ക് 0.04 കോടിയുമാണു ലഭിച്ചത്.

Latest News