ഗുര്‍ദാസ്പുര്‍- മയക്കുമരുന്നിന് അടിമയാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ ഓണ്‍ലൈനില്‍ പരിചയപ്പെട്ട സിക്കുകാരനെ വിവഹം ചെയ്ത ഡാനിഷ് വനിത സമ്മാനിച്ചത് അപൂര്‍വ വിജയകഥ.
ഡെന്‍മാര്‍ക്ക് സ്വദേശിനിയായ നടാഷ നടാലി സോമ്മറിനോട് ഗുര്‍ദാസ്പുര്‍ സ്വദേശിയായ മല്‍കിത് സിംഗ് താനൊരു മയക്കുമരുന്ന് അടിമയാണെന്നു തുറന്നു പറയുകയായിരുന്നു. കഴഞ്ഞ ജനുവരി ഒന്നുമുതലാണ് ഇരുവരും ഓണ്‍ലൈന്‍ ചാറ്റ് തുടങ്ങിയത്. അമ്മയുമായി അകന്നതു മുതലാണ് മയക്കുമരുന്നില്‍ അഭയം തേടിയതെന്നും 33 കാരനായ മല്‍കിത് സിംഗ് പറഞ്ഞിരുന്നു.
എല്ലാം തുറന്നു പറഞ്ഞ മല്‍കിതിന്റെ ആത്മാര്‍ഥതയിലും വിശ്വസ്തതയിലും ആകൃഷ്ടയായ കോപന്‍ഹേഗനിലെ സമ്പന്ന കുടുംബത്തിലെ ബിരുദധാരിയായ നടാഷ ഉടന്‍ തന്നെ ദല്‍ഹിയിലേക്ക് പറന്നെത്തി. മല്‍കിത് സിംഗ് നടാഷയേയും കൊണ്ട് പഞ്ചാബിലെ ഗ്രാമത്തിലെത്തി. അവിടെവെച്ച് ജനുവരി 23 ന് സിക്ക് ആചാര പ്രകാരം വിവാഹിതരായി.
തുടര്‍ന്ന് മയക്കുമരുന്ന് ചികിത്സക്കായി മല്‍കിത് സിംഗിനെ നടാഷ സെര്‍ബിയയിലെ ബെല്‍ഗ്രേഡിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മയക്കുമരുന്നില്‍നിന്ന് മുക്തനായ സിംഗിനേയും കൊണ്ട് നടാഷ വീണ്ടും ഇന്ത്യയിലെത്തി.
മുറിവുകള്‍ സ്വന്തം വീടിന്റെ പശ്ചാത്തലത്തില്‍തന്നെ ഉണക്കാനായിരുന്നു ഇതെന്ന് നടാഷ പറയുന്നു. ഇപ്പോള്‍ പൂര്‍ണമായും മയക്കുമരുന്നില്‍നിന്ന് മുക്തനായ മല്‍കിതിനോടൊപ്പം ഡെന്‍മാര്‍ക്കില്‍ പുതിയ ജീവതം തുടങ്ങാന്‍ ഒരുങ്ങുകയാണ് നടാഷ.
അടുത്തയാഴ്ച ഭര്‍ത്താവ് ഡാനിഷ് വിസക്ക് അപേക്ഷിക്കുമെന്നും ഡെന്‍മാര്‍ക്കില്‍ സിംഗിനുവേണ്ടി ഒരു കാര്‍ ഗാരേജ് തുറക്കാനാണ് പദ്ധതിയെന്നും നടാഷ പറയുന്നു. മാതാപിതാക്കളും ബന്ധുക്കളും തങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കാത്തിരിക്കുകയാണെന്നും നടാഷ കൂട്ടിച്ചേര്‍ത്തു.