തലശ്ശേരി- എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ ആറ് വര്‍ഷം തടവിനും 40,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മൂന്ന് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ വാഴയില്‍ വീട്ടില്‍ ബഷീറിനെ (39) വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികളായ കൈതേരി കപ്പണ സ്വദേശി പൊന്നാന്തേരി വീട്ടില്‍ പി.പ്രദുലാല്‍ (45), കൈതേരി കപ്പണയിലെ കൊച്ചു വീട്ടില്‍ കുട്ടന്‍ എന്ന കെ.എ.അനില്‍കുമാര്‍ (40) കൂത്തുപറമ്പ് പാലപ്പറമ്പ് ലക്ഷം വീട് കോളനിയിലെ ശിവഗീതില്‍ പി.ജിത്തു (35) എന്നിവരെയാണ് തലശ്ശേരി പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ശിക്ഷിച്ചത.് പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ 14 മാസം അധിക തടവ് അനുഭവിക്കണം.
നാല് മുതല്‍ ആറ് വരെ പ്രതികളായിരുന്ന പാലാപ്പറമ്പ് ലക്ഷംവീട്ടിലെ കെ.എ.സ്വരലാല്‍ (32) പാലപ്പറമ്പ് ലക്ഷം വീട്ടിലെ എം.എം.രാജേഷ് (30) കൂത്തുപറമ്പ് മൂര്യാട് വയലില്‍ വീട്ടില്‍ അണ്ണേരി വിപിന്‍ (33) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
2010 ഒക്‌ടോബര്‍ 24 ന് രാത്രി 7.45 ന് തൊക്കിലങ്ങാടിയിലെ വലിയാണ്ടി റഫീഖ് എന്നയാളുടെ ഉടമസ്ഥതിലുള്ള മലബാര്‍ ചിക്കന്‍ സ്റ്റാളില്‍ വെച്ചാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ അക്രമി സംഘം ബഷീറിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമത്തില്‍ ബഷീറിന്റെ കാല് അറ്റ് തൂങ്ങിയിരുന്നു. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.ബി.പി.ശശീന്ദ്രനാണ് ഹാജരായത.്