Sorry, you need to enable JavaScript to visit this website.

ടെലികോം മേഖലയിൽ ഒന്നര ലക്ഷം  തൊഴിലുകൾ സൗദിവൽക്കരിക്കുന്നു

റിയാദ് - ടെലികോം, ഐ.ടി മേഖലയിൽ ഒന്നര ലക്ഷത്തിലേറെ തൊഴിലുകൾ പടിപടിയായി സൗദിവൽക്കരിക്കുന്നതിന് കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയത്തിന് ശ്രമം. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ടെലികോം, ഐ.ടി മേഖലയിലെ ജീവനക്കാരുടെ എണ്ണം 2,63,000 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 1,12,000 പേർ സൗദികളാണ്. ഈ മേഖലയിൽ സൗദിവൽക്കരണം 43 ശതമാനമാണ്. ടെലികോം, ഐ.ടി മേഖലയിൽ 1,51,000 വിദേശികൾ ജോലി ചെയ്യുന്നുണ്ട്. ഇവർക്കു പകരം പടിപടിയായി സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് നീക്കം. 


വൻകിട കമ്പനികളിലും സ്ഥാപനങ്ങളിലും സൗദിവൽക്കരണം നടപ്പാക്കുന്നതിന് കമ്യൂണിക്കേഷൻസ് ആന്റ് ഐ.ടി മന്ത്രാലയം ഊന്നൽ നൽകും. നിതാഖാത്ത് പ്രകാരം നടപ്പാക്കേണ്ട സൗദിവൽക്കരണ തോത് ഉയർത്തുകയാണ് ചെയ്യുക. ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിനും ഉന്നത തസ്തികകളിൽ സൗദി വനിതകളെ നിയമിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് അവയിൽ സൗദികളെ നിയമിക്കുന്നതിനും ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങിയിട്ടുണ്ട്. കോൾ സെന്ററുകളും ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളും പോലുള്ള പുതിയ ബിസിനസ് മാതൃകകൾ നടപ്പാക്കി സൗദി വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമമുണ്ട്. 


പുതുതായി ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയവരെയും ബിരുദ പഠനം പൂർത്തിയാക്കാറായവരെയും പരിശീലനത്തിലൂടെ പ്രാപ്തരാക്കി മാറ്റുന്നതിനും നൈപുണ്യങ്ങൾ ഉയർത്തുന്നതിനുമുള്ള പദ്ധതിയും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പതിനേഴു പ്രാദേശിക, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായും വകുപ്പുകളുമായും സഹകരിച്ചാണ് ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള മേഖലകളിൽ സൗദി യുവതീയുവാക്കൾക്ക് പരിശീലനങ്ങൾ നൽകുന്നത്. സൗദിയിലെ ടെലികോം, ഐ.ടി വിപണിയുടെ പ്രതിവർഷ ശേഷി 13,000 കോടി റിയാലാണ്. ഈ മേഖലയിൽ എട്ടു ശതമാനം വാർഷിക വളർച്ചയാണുള്ളത്.
 

Latest News