Sorry, you need to enable JavaScript to visit this website.

സൗദിയിൽ മൂന്നു കോടിയോളം ബ്രോഡ് ബാന്റ് കണക്ഷനുകൾ

റിയാദ് - ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം രാജ്യത്ത് മൂന്നു കോടിയോളം ബ്രോഡ് ബാന്റ് കണക്ഷനുകളുള്ളതായി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2,94,50,000 ബ്രോഡ് ബാന്റ് കണക്ഷനുകളാണ് രാജ്യത്തുള്ളത്. രാജ്യത്തെ ജനസംഖ്യയിൽ ബ്രോഡ് ബാന്റ് കണക്ഷൻ വ്യാപനം 88.1 ശതമാനമാണ്. 
സൗദിയിൽ 31.2 ലക്ഷം ലാന്റ് ലൈൻ കണക്ഷനുകളുണ്ട്. ഇതിൽ 16.6 ലക്ഷം ഗാർഹിക കണക്ഷനുകളും 14.6 ലക്ഷം ബിസിനസ് മേഖലാ കണക്ഷനുകളുമാണ്. ഗാർഹിക മേഖലയിൽ ലാന്റ് കണക്ഷൻ വ്യാപന തോത് 29.7 ശതമാനമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിൽ 4,16,30,000 ഓളം മൊബൈൽ ഫോൺ കണക്ഷനുകളുണ്ട്. രാജ്യത്തെ ജനസംഖ്യയിൽ മൊബൈൽ ഫോൺ കണക്ഷൻ വ്യാപന നിരക്ക് 124.6 ശതമാനമാണ്. മൊബൈൽ കണക്ഷനുകളിൽ 65.8 ശതമാനം പ്രീപെയ്ഡും 34.2 ശതമാനം പോസ്റ്റ് പെയ്ഡുമാണ്. 
ലാന്റ് ലൈൻ വഴിയുള്ള ബ്രോഡ് ബാന്റ് സേവനത്തിൽ 19.6 ലക്ഷം വരിക്കാരുണ്ട്. ഇതിൽ 8,29,000 ഡി.എസ്.എൽ കണക്ഷനുകളും 8,90,000 ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകളും 2,44,000 വയർലസ് കണക്ഷനുകളുമുണ്ട്. ഗാർഹിക മേഖലയിൽ ലാന്റ് ലൈൻ ബ്രോഡ് ബാന്റ് കണക്ഷൻ നിരക്ക് 32.98 ശതമാനമാണെന്നും സി.ഐ.ടി.സി അറിയിച്ചു. 
രാജ്യത്ത് മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 2014 ൽ 5.27 കോടിയും 2015 ൽ 4.71 കോടിയും 2016 ൽ 4.37 കോടിയും 2017 ൽ 4.02 കോടിയും 2018 ൽ 4.13 കോടിയും ആയിരുന്നു. ലാന്റ് ഫോൺ കണക്ഷനുകളുടെ എണ്ണം 2014 ൽ 36 ലക്ഷവും 2015 ൽ 38 ലക്ഷവും 2016 ൽ 37 ലക്ഷവും 2017 ൽ 36 ലക്ഷവും 2018 ൽ 31 ലക്ഷവുമായിരുന്നു. 

Latest News