Sorry, you need to enable JavaScript to visit this website.

കാരുണ്യ പദ്ധതി: മന്ത്രിമാരുടെ  തമ്മിലടി മറനീക്കി പുറത്ത് 

തിരുവനന്തപുരം- കാരുണ്യ പദ്ധതിയുടെ കലാവധി നീട്ടണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അനുവദിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആരോട് ചോദിച്ചിട്ടാണ് ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തിയതെന്നും ധനമന്ത്രി. ഇതോടെ കാരുണ്യ പദ്ധതി സംബ
ന്ധിച്ച് മന്ത്രിമാരുടെ തമ്മിലടി മറനീക്കി പുറത്തായി. 
കാരുണ്യ പദ്ധതി നിർത്തലാക്കിയെന്ന പ്രചാരണം വന്നതോടെ ആശുപത്രികളിൽ രോഗികൾക്ക് ചികിത്സ നിഷേധിച്ചിരുന്നു. രോഗികൾ ബുദ്ധിമുട്ടിലായതോടെ ഈ സാമ്പത്തിക വർഷം മുഴുവനും കാരുണ്യ പദ്ധതി തുടരുമെന്നും ഉത്തരവ് ഇന്നലെ ഇറങ്ങുമെന്നും മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. ധനവകുപ്പ് സെക്രട്ടറിയെ നേരിട്ട് വിളിച്ച്  ഉത്തരവിറക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ നടപടി ധനമന്ത്രിയെ ചൊടിപ്പിച്ചു. ആരോട് ചർച്ച ചെയ്തിട്ടാണ് പ്രഖ്യാപനം നടത്തിയതെന്ന് മന്ത്രി തോമസ് ഐസക് ചോദിച്ചു. സാമ്പത്തിക ബാധ്യത വരുന്ന വിഷയം ധനവകുപ്പുമായി കൂടിയാലോചിക്കുകയോ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. മന്ത്രി കെ.കെ.ശൈലജ തന്നിഷ്ടം കാട്ടിയത് അംഗീകരിക്കാനാകില്ലെന്നും ധനമന്ത്രി നിലപാട് എടുത്തു. മന്ത്രി ശൈലജയുടെ ആവശ്യം അംഗീകരിക്കരുതെന്ന് ധനവകുപ്പ് സെക്രട്ടറിക്ക് നിർദേശവും നൽകി. ഇതോടെ വൻ സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ സർക്കാർ തീരുമനിക്കണമെന്നും തനിക്ക് ഉത്തരവ് ഇറക്കാൻ അധികാരം ഇല്ലെന്നും ധനകാര്യ സെക്രട്ടറി ആരോഗ്യ വകുപ്പ് സെക്രട്ടറിയെ അറിയിച്ചു. 
ആരോഗ്യസുരക്ഷാ പദ്ധതിയും കാരുണ്യയും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കി. കാരുണ്യയുമായി മൂന്നു മാസം മുന്നോട്ട് പോയി. സർക്കാരിന് പ്രത്യേക നേട്ടമുണ്ടായില്ല. അതിനാൽ ആരോഗ്യ വകുപ്പിന്റെ തീരുമാനം പോലെ കാരുണ്യ പദ്ധതി ഈ സാമ്പത്തികവർഷം മുഴുവൻ തുടരാനാവില്ലെന്നും ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ കാരുണ്യ പദ്ധതി തുടരുമെന്ന് മന്ത്രി കെ.കെ. ശൈലജ പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ ഒന്ന് മുതലാണ് കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നത്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ പേരു മാറ്റി ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുകയായിരുന്നു. 
എന്നാൽ മൂന്ന് മാസത്തേക്കു കൂടി മുൻ മന്ത്രി കെ.എം മാണി നടപ്പിലാക്കിയ കാരുണ്യ പദ്ധതി തുടരാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ആ കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. തീയതി നീട്ടേണ്ടതില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. 60 ശതമാനം പേർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായെന്നും ധനവകുപ്പ് വ്യക്തമാക്കി. എന്നാൽ മാരക രോഗങ്ങൾക്കൊന്നും സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പദ്ധതിയിൽ ചികിത്സ ഇല്ല. പദ്ധതി നടപ്പിലാക്കുന്ന റിലയൻസ് കമ്പനിയുമായി ഇത്തരം രോഗങ്ങൾക്ക് കരാറും ഒപ്പിട്ടിട്ടില്ല.

 

Latest News