Sorry, you need to enable JavaScript to visit this website.

പാർട്ടിക്കാരടങ്ങുന്ന ക്രിമിനൽ സംഘങ്ങൾ സി.പി.എമ്മിനു തലവേദനയാവുന്നു 


കണ്ണൂർ - പ്രാദേശിക പ്രവർത്തകരടങ്ങുന്ന ക്രിമിനൽ സംഘങ്ങളുടെ അപ്രതീക്ഷിത ആക്രമണങ്ങൾ കണ്ണൂരിൽ സി.പി.എം നേതൃത്വത്തിനു തലവേദനയാവുന്നു. പയ്യന്നൂരിൽ കഴിഞ്ഞ ദിവസം നടന്ന ഹോട്ടൽ ആക്രമണമാണ് ഇതിൽ അവസാനത്തെ സംഭവം. രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും ജനങ്ങളിൽനിന്ന് പാർട്ടിയെ അകറ്റുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നുമുള്ള പാർട്ടി നിർദേശം നിലനിൽക്കേയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. നേരത്തെ പാർട്ടിക്കു വേണ്ടി അക്രമ പ്രവർത്തനങ്ങൾ നടത്തിയ ഇത്തരം സംഘങ്ങളെ നിയന്ത്രിക്കാൻ പ്രാദേശിക നേതൃത്വങ്ങൾക്കും സാധ്യമാവുന്നില്ല. 
കണ്ണൂരിൽ കൂത്തുപറമ്പിലും പയ്യന്നൂരിലുമാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. പൊതുവെ ശാന്തമായിരുന്ന പയ്യന്നൂർ മേഖലയിലാണ് സമീപകാലത്ത് ഏറ്റവും കൂടുതൽ ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നതെന്നാണ് ശ്രദ്ധേയം. ഇതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ച ക്രിമിനൽ സംഘങ്ങളാണ് ചുക്കാൻ പിടിച്ചത്. 
ബി.ജെ.പി പ്രവർത്തകൻ വിനോദിന്റെ കൊലപാതകത്തോടെയാണ് പയ്യന്നൂർ രാഷ്ട്രീയ ആക്രമണങ്ങളിൽ കുപ്രസിദ്ധി നേടിയത്. സി.പി.എം പ്രവർത്തകൻ ധനരാജിന്റെ കൊലപാതകത്തിനു തൊട്ടു പിന്നാലെ ബി.ജെ.പി പ്രവർത്തകൻ രാമചന്ദ്രനെ കൊലപ്പെടുത്തിയതിലും പിന്നീട് ബി.ജെ.പി പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയതിലും പിന്നിൽ ഇത്തരം സംഘങ്ങൾ തന്നെയാണെന്നാണ് സൂചന. മാത്രമല്ല, വടക്കെ മലബാറിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വീടാക്രമണങ്ങളും വസ്തു വകകൾ നശിപ്പിക്കലും നടന്നത് പയ്യന്നൂരിലാണ്. കൂത്തുപറമ്പിലെ ആക്രമണങ്ങൽ തടയുന്നതിനായി, ഇതിനു നേതൃത്വം നൽകുന്ന മുൻ പാർട്ടി പ്രവർത്തകനെ തള്ളിപ്പറയാൻ പ്രാദേശിക നേതൃത്വത്തിനു നിർദേശം നൽകിയ പാർട്ടി പയ്യന്നൂരിന്റെ കാര്യത്തിൽ യാതൊരു നടപടിയുമെടുത്തില്ലെന്ന് അനുഭാവികൾ തന്നെ പറയുന്നു. പയ്യന്നൂരിലെ കൊലപാതക - ആക്രമണ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയതിന്റെ സൂചനയാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം കോട്ടകളിൽ യു.ഡി.എഫിനു ലഭിച്ച മേൽക്കൈയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പയ്യന്നൂരിലെ ധനരാജ് അനുസ്മരണത്തിനു തലേന്നാളാണ് ഹോട്ടലിനു നേരെ ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്. എല്ലാ വർഷങ്ങളിലും ഈ ദിവസങ്ങളിൽ പയ്യന്നൂരിൽ വ്യാപക അക്രമങ്ങളാണ് ഉണ്ടാവാറുള്ളത്. പയ്യന്നൂരിലെ ഹോട്ടലിൽ മോശം ഭക്ഷണം നൽകിയത് ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഹോട്ടലുടമയുടെ ആളുകൾ മർദിക്കുകയും അത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയുമാണ്.
 പരാതി ലഭിച്ചതിനെത്തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. പിന്നീട് ആവശ്യമായ നടപടികളെടുത്ത ശേഷം അധികൃതരുടെ അനുമതിയോടെയാണ് ഹോട്ടൽ തുറന്നു പ്രവർത്തിച്ചത്. സി.പി.എം ഏരിയാ നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങൾ സംസാരിച്ച് പരിഹരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ്, പാർട്ടി പ്രാദേശിക നേതൃത്വം പോലും അറിയാതെ ഏതാനും പേർ പട്ടാപ്പകൽ ഹോട്ടൽ ആക്രമിച്ചു തകർത്തത്. മാത്രമല്ല, ഇതിനെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടത്തുകയും ചെയ്തു. സി.പി.എം നേതാവും എം.എൽ.എയുമായ സി.കൃഷ്ണൻ സംഭവ സ്ഥലത്തെത്തി ആക്രമണത്തെ അപലപിക്കേണ്ടി വന്നു. കോൺഗ്രസും ബി.ജെ.പിയും ഈ സംഭവം രാഷ്ട്രീയ മുതലെടുപ്പിനുള്ള ഉപകരണമാക്കുകയും ചെയ്തു. 
തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കേ, ഇത്തരം ക്രിമിനൽ സംഘങ്ങളുടെ പ്രവർത്തനങ്ങൾക്കു കടിഞ്ഞാണിടാൻ സാധിച്ചില്ലെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പാർട്ടി അനുഭാവികൾ തന്നെ മുന്നറിയിപ്പു നൽകുന്നുണ്ട്. 

 

 

Latest News