കാളികാവ്- ശക്തമായ കാറ്റില്‍ വീടിന്റെ വാതിലടഞ്ഞതോടെ വാതിലിനും കതകിനുമിടയില്‍പ്പെട്ടു വീട്ടമ്മയുടെ വലതു കൈയിലെ രണ്ടു വിരലുകള്‍ അറ്റു.
അഞ്ചച്ചവിടി മൂച്ചിക്കലിലെ തുറക്കുളവന്‍ സൈതാലിയുടെ ഭാര്യ വാരിയത്ത് സുബൈദ (51) യുടെ വിരലുകളാണ് അറ്റുപോയത്. ശക്തമായ കാറ്റടിച്ചപ്പോള്‍ മുറ്റത്തു നിന്നു കയറി അകത്ത് വാതിലിനോടു ചേര്‍ന്നു നില്‍ക്കുകയായിരുന്നു ഇവര്‍. ഇതിനിടെ കാറ്റില്‍ ഒറ്റപ്പൊളി വാതില്‍ അടഞ്ഞു. വാതിലിന്റെ കട്ടിളയില്‍ പിടിച്ചു നിന്നിരുന്ന കൈവിരലുകള്‍ കട്ടിളക്കിടയില്‍ പെടുകയായിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെത്തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍ തുന്നിപ്പിടിപ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ ചതഞ്ഞ് നുറുങ്ങിയതിനാല്‍ വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നു. പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു തന്നെ ഇവരെ തിരിച്ചയക്കുകയായിരുന്നു.






