Sorry, you need to enable JavaScript to visit this website.

മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിനുള്ള രാഷ്ട്രീയ  സമ്മേളനമല്ല ഹജ് -യൂസുഫ് അൽഉസൈമിൻ

ജിദ്ദ - ഹജ് തീർഥാടകർക്ക് പ്രയാസം സൃഷ്ടിക്കംവിധം മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനുള്ള രാഷ്ട്രീയ സമ്മേളനമല്ല ഹജ് എന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻസ് സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമിൻ. ഹജ് ആത്മീയ സമ്മേളനമാണ്. ഒ.ഐ.സി അംഗ രാജ്യങ്ങളും ഹജ് തീർഥാടകരും സൗദി ഗവൺമെന്റുമായും ഹജ് തീർഥാടകരുടെ സുരക്ഷാ കാര്യങ്ങൾ ക്രമീകരിക്കുന്ന ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിക്കുകയും പുണ്യസ്ഥലങ്ങളിൽ ഒരുക്കിയ സൗകര്യങ്ങളും സംവിധാനങ്ങളും ഹജ് കർമം നിർവഹിക്കുന്നതിന് പ്രയോജനപ്പെടുത്തുകയും വേണം. ഇരു ഹറമുകളും പരിചരിക്കുന്നതിനും തീർഥാടകർക്ക് സുരക്ഷയും സമാധാനവും ഒരുക്കുന്നതിനുമുള്ള സൗദി ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ചേർന്ന പതിനേഴാമത് ഒ.ഐ.സി വിദേശ മന്ത്രിമാരുടെ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ട്. 
മറ്റു തീർഥാടകരുടെ സമാധാനത്തിന് ഭംഗം വരുത്തുന്ന രാഷ്ട്രീയ, വിഭാഗീയ മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിന് തീർഥാടകരെ സൗദി അറേബ്യ അനുവദിക്കില്ലെന്ന് അമ്മാൻ സമ്മേളനം വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും പുണ്യസ്ഥലങ്ങളിലും ആരാധനാ കർമങ്ങൾ നിർവഹിക്കുന്നതിന് ലഭിക്കുന്ന അവസരം തീർഥാടകർ പരമാവധി മുതലെടുക്കുകയും അല്ലാഹു നിശ്ചയിക്കുകയും പ്രവാചകൻ വിശദീകരിക്കുകയും ചെയ്തതു പ്രകാരം ഹജ് കർമങ്ങൾ നിർവഹിക്കുകയും വേണം. തീർഥാടകർക്ക് പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളിൽനിന്ന് അകന്നുനിന്ന് പാപമോചനം തേടുന്നതിൽ തീർഥാടകർ സമയം വിനിയോഗിക്കണം. തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഹാജിമാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും ഡോ. യൂസുഫ് അൽഉസൈമിൻ പറഞ്ഞു. 
 

Latest News