റിയാദ് - അമേരിക്കയിലെ പുതിയ സൗദി അംബാസഡറായി നിയോഗിക്കപ്പെട്ട റീമാ ബിൻത് ബന്ദർ ബിൻ സുൽത്താൻ രാജകുമാരി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ സന്ദർശിച്ച് അധികാര പത്രം കൈമാറി. സ്വന്തം രാജ്യത്തിന്റെയും പൗരന്മാരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം റീമാ രാജകുമാരി പറഞ്ഞു. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾക്ക് അനിവാര്യമാണ്. മേഖലാ, ആഗോള തലത്തിൽ ഉയർന്നുവരുന്ന ഏതു വെല്ലുവിളികളും തരണം ചെയ്യുന്നതിന് രണ്ടു രാജ്യങ്ങൾക്കും സാധിക്കുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും റീമാ രാജകുമാരി പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് റീമാ രാജകുമാരി വാഷിംഗ്ടൺ സൗദി എംബസിയിൽ ചുമതലയേറ്റത്. അമേരിക്കൻ വിദേശകാര്യ മന്ത്രാലയത്തിന് അധികാര പത്രം കൈമാറിയാണ് റീമാ രാജകുമാരി ഔദ്യോഗിക പദവിയിൽ കയറിയത്. നിയർ ഈസ്റ്റേൺ കാര്യങ്ങൾക്കുള്ള അമേരിക്കൻ അസിസ്റ്റന്റ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ഷെൻകറുമായി വാഷിംഗ്ടണിൽ റീമാ രാജകുമാരി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഫെബ്രുവരി 23 ന് ആണ് അമേരിക്കയിലെ സൗദി അംബാസഡറായി റീമാ രാജകുമാരിയെ നാമനിർദേശം ചെയ്തത്. ഏപ്രിലിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനു മുന്നിൽ ഇവർ സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയിലെ പതിനൊന്നാമത്തെ സൗദി അംബാസഡറാണ് റീമാ രാജകുമാരി. ഇതിനു തൊട്ടുമുമ്പ് സൽമാൻ രാജാവിന്റെ പുത്രൻ ഖാലിദ് രാജകുമാരനായിരുന്നു അമേരിക്കയിലെ സൗദി അംബാസഡർ. ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായി നിയമിച്ചതോടെയാണ് അമേരിക്കയിൽ പുതിയ അംബാസഡറായി റീമാ രാജകുമാരിയെ നിയമിച്ചത്.
അമേരിക്കയിലെ ജോർജ് വാഷിംഗ്ടൺ യൂനിവേഴ്‌സിറ്റിയിൽനിന്ന് ബാച്ചിലർ ബിരുദം നേടിയ റീമാ രാജകുമാരി അറിയപ്പെടുന്ന സംരംഭകയും ജീവകാരുണ്യ പ്രവർത്തകയുമാണ്. അമേരിക്കയിലെ സൗദി അംബാസഡറായി നിയമിതയാകുന്നതിനു മുമ്പ് ജനറൽ സ്‌പോർട്‌സ് അതോറിറ്റിയിൽ വനിതാ കാര്യങ്ങൾക്കുള്ള വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. 2016 ലാണ് ഈ പദവിയിൽ റീമ രാജകുമാരിയെ നിയമിച്ചത്.
സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് വിദേശ രാജ്യത്ത് ഒരു വനിതയെ അംബാസഡറായി നിയമിക്കുന്നത്. റീമാ രാജകുമാരിയുടെ പിതാവും മുൻ കിരീടാവകാശി സുൽത്താൻ രാജകുമാരന്റെ പുത്രനുമായ ബന്ദർ രാജകുമാരൻ 22 വർഷക്കാലം അമേരിക്കയിൽ സൗദി അംബാസഡറായിരുന്നു. 1983 മുതൽ 2005 വരെയാണ് ബന്ദർ രാജകുമാരൻ അമേരിക്കയിൽ അംബാസഡറായി സേവനമനുഷ്ഠിച്ചത്. 2005 മുതൽ 2015 വരെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി ജനറലായും ബന്ദർ രാജകുമാരൻ സേവനമനുഷ്ഠിച്ചു.