ഗുജറാത്തില്‍ ദളിത് യുവാവിനെ അടിച്ചു കൊന്നു; സംഭവം പോലീസ് നോക്കിനില്‍ക്കെ

അഹമ്മദാബാദ്- രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടര്‍ക്കഥ. ഗുജറാത്തിലെ അഹമ്മദാബാദില്‍ ദളിത് യുവാവിനെ അടിച്ചുകൊന്നു. 25 കാരനായ  ഹരീഷ് സോളങ്കിയാണ് ഭാര്യയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ  ആക്രമണത്തില്‍ മരിച്ചത്. ഉന്നത ജാതിയില്‍പെട്ട കുടുംബമാണ് യുവാവിന്റെ ഭാര്യയുടേത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഗര്‍ഭിണിയായ തന്റെ ഭാര്യയെ വിട്ടു കിട്ടുന്നതിനായി സ്ത്രീ സഹായ സമിതിയായ അഭയം പ്രവര്‍ത്തകരോടൊപ്പം പോലീസ് സഹായത്തോടെ ഭാര്യ വീട്ടിലേക്ക് പോയ യുവാവിനെ പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് അക്രമികള്‍ വക വരുത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഭാര്യാ വീട്ടുകാര്‍ വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് ഇവരുമായി ചര്‍ച്ച നടത്തി ഭാര്യയെ വിട്ടു കിട്ടുന്നതിനാണ് യുവാവ് പോലീസ് സഹായം തേടിയത്. ഉയര്‍ന്ന വിഭാഗമായ ദര്‍ബാര്‍ സമുദായാംഗമാണ് യുവാവിന്റെ ഭാര്യ ഊര്‍മിളാ ബെന്‍.
 ഏതാനും മാസം മുമ്പായിരുന്നു സോളങ്കിയും ഊര്‍മിളയും തമ്മിലുള്ള വിവാഹം. ഭാര്യാ വീട്ടുകാരുടെ എതിര്‍പ്പ് വക വെക്കാതെ വിവാഹം കഴിച്ച ദമ്പതികള്‍ സോളങ്കിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം.  ഏതാനും ആഴ്ചകള്‍ കഴിഞ്ഞു തിരിച്ചെത്തിക്കാമെന്നു പറഞ്ഞാണ്  ഊര്‍മിളയെ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് തിരിച്ചയക്കാന്‍ യുവതിയുടെ കുടുംബം വിസമ്മതിച്ചു. യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യുവതിയുമായി തിരിച്ചു വരികയെന്ന ലക്ഷ്യത്തോടെയാണ് യുവാവ് വീട്ടിലെത്തിയതെന്ന് കച്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി.ഡി. മന്‍വാര്‍ അറിയിച്ചു.
സംസാരിക്കാനായി അഭയം 181 പ്രവര്‍ത്തകര്‍ യുവതിയുടെ വീട്ടിലേക്ക് പോയ സമയത്ത് വാഹനത്തില്‍ ഒറ്റക്കായിരുന്ന സേളങ്കിയെ ഇരച്ചെത്തിയ വീട്ടുകാര്‍ നിര്‍ദാക്ഷിണ്യം അടിച്ചു കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ അഭയം പ്രവര്‍ത്തകരുടെ വാഹനവും നശിച്ചു. സംഭവത്തില്‍ മാതാപിതാക്കളടക്കം എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

 

Latest News