ചെന്നൈയില്‍ ഒരു ട്രെയിന്‍  ജലമെത്തിക്കാന്‍ ചെലവ് 8.6 ലക്ഷം രൂപ

ചെന്നൈ- കടുത്ത വളള്‍ച്ച അനുഭവിക്കുകയാണ് തമിഴ്‌നാട്ടിലെ ചെന്നൈ നഗരം. കുറച്ചുനാളുകളായി കുടിവെള്ളവുമായി എത്തുന്ന വണ്ടികളെ ആശ്രയിച്ചാണ് അവര്‍ ജീവിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ ട്രെയിനുകളില്‍ കുടിവെള്ളമെത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍.
ജോലാര്‍പേട്ടയില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളില്‍ 50 വാഗണുകളിലായി 2.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് ഒരു ട്രിപ്പില്‍ എത്തിക്കുന്നത്. ഓരോ വാഗണിലും 55,000 ലിറ്റര്‍ ജലമാണുള്ളത്. ദിവസേന മൂന്ന് ട്രിപ്പ് വീതമാണ് ജലമെത്തിക്കുക. 204 കിലോമീറ്റര്‍ പിന്നിട്ട് ചെന്നൈയിലെത്താന്‍ അഞ്ച് മുതല്‍ ഏഴ് മണിക്കൂര്‍ വരെ എടുക്കും. ചെന്നൈയിലെ വില്ലിവാക്കത്തെ നോര്‍ത്ത് ജഗന്നാഥ് നഗറിലാണ് വെള്ളം എത്തിക്കുന്നത്.
ഒരു ട്രിപ്പിന് റെയില്‍വെ ഈടാക്കുന്നത് 8.6 ലക്ഷം രൂപയാണ്. ഒരു ലിറ്റര്‍ എത്തിക്കുന്നതിന് ഖജനാവില്‍ നിന്ന് ചെലവാകുന്നത് 34 പൈസയാണ്. വെല്ലൂര്‍ ശുദ്ധജല വിതരണ പദ്ധതി പ്രകാരം ജോലാര്‍പ്പേട്ടയ്ക്ക് അടുത്തുള്ള മേട്ടുചക്രകുപ്പത്തെ ടാങ്കില്‍ നിന്ന് 2.5 കിലോമീറ്റര്‍ പൈപ്പ് സ്ഥാപിച്ചാണ് വെള്ളം ട്രെയിനിലെ വാഗണുകളിലേക്ക് മാറ്റുന്നത്.

Latest News