Sorry, you need to enable JavaScript to visit this website.

സഞ്ചാരികൾക്കായി  സോളാർ ക്രൂയിസ് ബോട്ട് 

സോളാർ ക്രൂയിസ് ബോട്ട്

ആലപ്പുഴ -ജലയാത്രയ്ക്ക് ആധുനിക സജ്ജീകരണങ്ങളോടെ സോളാർ ക്രൂയിസ് ബോട്ട് ഒരുങ്ങുന്നു. ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ച് ജലഗതാഗത വകുപ്പാണ് പുതുപുത്തൻ ബോട്ടിറക്കുന്നത്. രണ്ടു നിലകളായിരിക്കും ബോട്ട്. താഴത്തെ നിലയിലെ മുറികൾ ശീതീകരിച്ചതായിരിക്കും. മുകളിലത്തെ നില തുറന്ന രീതിയിലും. ഒരേ സമയം 100 പേർക്ക് യാത്ര ചെയ്യാം. പ്രത്യേക രീതിയിലുള്ള സീറ്റ് ക്രമീകരണങ്ങളായിരിക്കും ബോട്ടിനുള്ളിൽ. ഫുഡ് കോർണർ, കോൺഫറൻസ് ഹാൾ എന്നിവയും പാർട്ടികൾ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടാകും.
ജില്ലയിലെ കായൽ ടൂറിസം മേഖലയെ ലക്ഷ്യം വെച്ച് ജലഗതാഗത വകുപ്പ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ചാണ് സോളാർ ക്രൂയിസ് ബോട്ട് ഒരുക്കുന്നത്. ടൂറിസ്റ്റുകളെ ഈ ബോട്ട് കൂടുതൽ ആകർഷിക്കുമെന്നാണ് അധികൃതരുടെ നിഗമനം. വിനോദ സഞ്ചാര മേഖലയ്ക്ക് മാറ്റു കൂട്ടുന്ന ക്രൂയിസ് ബോട്ടിൻെറ സർവീസുകൾ പ്രധാനമായും ആലപ്പുഴ കേന്ദ്രീകരിച്ചായിരിക്കും. ബോട്ടിന്റെ  നിർമാണ പ്രവർത്തനങ്ങൾ അരൂരിൽ ആരംഭിച്ചു. നാല്  മാസത്തിനുള്ളിൽ സൗരോർജ ക്രൂയിസ് ബോട്ട് നീരണിയും. 3 കോടി രൂപയാണ് നിർമാണ ചെലവ്.
ഹൈബ്രിഡ് ചാർജിംഗ് രീതിയാണ് ഇതിൽ ഉപയോഗിക്കുന്നത്. സോളാർ എനർജി ആയതിനാൽ ജല മലിനീകരണം കുറവായിരിക്കും. ഇന്ധന ചെലവ് മറ്റ് ബോട്ടുകളെ അപേക്ഷിച്ച് കുറവായിരിക്കും. ഗ്രിഡ് ചാർജും പ്ലഗ് ചാർജ് സംവിധാനവും ഇതിൽ ഉപയോഗിക്കുന്നുണ്ട്. സൂര്യതാപം കുറവുള്ള ദിവസം ഈ രീതിയിൽ ചാർജ് ചെയ്യാം. ഇതിലെ ബാറ്ററി ചാർജ് 120 വാട്ട് ഹവറാണ്. ലൈവായി ചാർജ് ചെയ്യുവാനുള്ള സൗകര്യമുണ്ട്. 
അരൂരിൽ ബോട്ട് നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമായും ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചാണ് സർവീസ് നടത്തുക. ജലഗതാഗത വകുപ്പിലെ ഡ്രൈവർമാർ തന്നെയായിരിക്കും ബോട്ടോടിക്കുക. ആഹാരം പാചകം ചെയ്യുവാനുള്ള സൗകര്യം ബോട്ടിലില്ല. എന്നാൽ ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Latest News