ജിദ്ദ - ഹജ്, ഉംറ സർവീസുകൾക്കു മാത്രമായി പുതിയ എയർപോർട്ട് നിർമിക്കുന്നു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം അൽഫൈസലിയ പദ്ധതിയിൽ നീക്കിവെച്ചതായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും മക്ക പ്രവിശ്യ വികസന അതോറിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ അറിയിച്ചു.
അൽഫൈസലിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കുന്ന ചടങ്ങിലാണ് പുതിയ എയർപോർട്ട് ഖാലിദ് അൽഫൈസൽ രാജകുമാരൻ പ്രഖ്യാപിച്ചത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനു കീഴിലാണ് പുതിയ എയർപോർട്ട് പ്രവർത്തിക്കുക. അൽഫൈസലിയ പദ്ധതിക്ക് സൽമാൻ രാജാവിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിക്ക് അൽഫൈസലിയ എന്ന് നാമകരണം ചെയ്തത് സൽമാൻ രാജാവാണെന്നും ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. അൽഫൈസലിയ പദ്ധതിയിൽ ഭാഗഭാക്കാകുന്നതിന് വ്യവസായികളെയും കമ്പനികളെയും മക്ക ഗവർണർ ക്ഷണിച്ചു.