Sorry, you need to enable JavaScript to visit this website.

തണ്ടർ ബോൾട്ട് പീഡിപ്പിച്ച 'മാവോവാദി'ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി- മാവോ വാദി എന്ന പേരിൽ കേരള പോലീസിന്റെ  തണ്ടർ ബോൾട്ട് വിഭാഗം കസ്റ്റഡിയിൽ പീഡിപ്പിച്ച യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 
നഷ്ടപരിഹാര തുകയായ ഒരു ലക്ഷം രൂപയും കോടതി ചെലവിനുള്ള തുകയായി 10,000 രൂപയും രണ്ടു മാസത്തിനകം ഹരജിക്കാരന് നൽകണമെന്ന സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കർ നമ്പ്യാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് സർക്കാരിന്റെ ഹരജി തള്ളിയത്. 
ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ മകൻ ശ്യാം ബാലകൃഷ്ണനെ കസ്റ്റഡിയിൽ പീഡിപ്പിച്ചെന്ന പരാതിയിലാണ് സിംഗിൾ ബെഞ്ച് 2015 മെയ് 22ന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടിരുന്നത്. സംശയാസ്പദമായ നിലയിൽ ആരെയെങ്കിലും കണ്ടെത്തിയെന്നത് കൊണ്ടു ഭരണഘടനാ മൂല്യങ്ങൾ ഇല്ലാതാവില്ലെന്ന് ഉത്തരവിൽ പറയുന്നു. ക്രിമിനൽ നടപടി നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമാണ് യുവാവിനെ അന്യായമായി കസ്റ്റഡിയിൽ വെച്ചതിലൂടെ നടന്നിരിക്കുന്നത്. ഭരണ ഘടന വ്യക്തിക്ക് നൽകുന്ന സ്വകാര്യതയുടെയും വ്യക്തി സ്വാതന്ത്ര്യവും പോലീസ് ഇല്ലാതാക്കി. യുവാവിന്റെ വീട് പരിശോധിക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും കോടതി കണ്ടെത്തി. ഒരു വ്യക്തിയെ അറസ്റ്റു ചെയ്യുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. 
ഹരജിക്കാരനെ കസ്റ്റഡിയിലെടുത്തത് മതിയായ സംശയത്തെ തുടർന്നാണെന്നു സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റേറ്റ് അറ്റോർണി കെ.വി സോഹൻ ബോധിപ്പിച്ചു. ഹരജിക്കാരൻ പിടിക്കപ്പെട്ട സ്ഥലം മാവോവാദികളുടെ കേന്ദ്രമറിയപ്പെടുന്ന പ്രദേശമാണ്. പോലീസ് ചെയ്തത് ശരിയായ നിലയിലുള്ള അവരുടെ കർത്തവ്യം മാത്രമാണെന്നും സ്റ്റേറ്റ് അറ്റോർണി ബോധിപ്പിച്ചു. 2014 മെയ് 20നു ശ്യാം ബാലകൃഷ്ണനും ജീവിത പങ്കാളിയുമായി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മഫ്തിയിലെത്തിയ രണ്ടു പോലിസുകാർ ഇവരെ തടഞ്ഞു നിർത്തി ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത ശേഷം പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനു ശേഷം തണ്ടർബോർട്ട് വിഭാഗം ഇയാളുടെ വീട്ടിൽ പരിശോധന നടത്തി ലാപ്‌ടോപും ചില പുസ്തകങ്ങളും പിടിച്ചെടുക്കുകയായിരുന്നു.

 

Latest News