തൃശൂർ - പാവറട്ടിയിൽ ലോക്കപ്പ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം അഭിപ്രായപ്പെട്ടു. വിവേചനങ്ങളെ വിചാരണ ചെയ്യുക, വിധേയത്വങ്ങളോട് വിസമ്മതിക്കുക എന്ന മുദ്രാവാക്യമുയർത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സാഹോദര്യ രാഷ്ട്രീയ ജാഥക്ക് തൃശൂർ കേരള വർമ കോളേജിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ലോക്കപ്പ് ഭീകരതയുടെ ഇരകൾ എന്നും ദളിതരായിരുന്നു. വിനായകൻ കേസിനെ തേച്ചുമായ്ച്ചു കളയാൻ ഉന്നതതലങ്ങളിൽ ശ്രമം നടക്കുന്നു. യഥാർഥ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നത് വരെയുള്ള നിയമ പോരാട്ടത്തിന് സമൂഹം മുന്നിട്ടിറങ്ങണം. ജാതി വിവേചനവും മതത്തിന്റെ പേരിലുള്ള അപരവൽക്കരണവും ലിംഗ വിവേചനവും നിലനിൽക്കുന്ന കേരളം വ്യാജ പ്രബുദ്ധതയും മതേതരത്വവും അവകാശപ്പെടുകയാണ്. സാമൂഹിക വിവേചനങ്ങളെ ചെറുക്കുന്ന പുതുകാല രാഷ്ട്രീയത്തെ കാമ്പസുകൾ ചർച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഗുണമേന്മ വർധിപ്പിക്കാനും എം.ജി, കാലിക്കറ്റ് സർവകലാശാല വികസിപ്പിച്ച് പുതിയ സർവകലാശാല രൂപീകരിക്കണം. യു.ജി.സി സർവകലാശാലകൾക്ക് നിശ്ചയിച്ച അഫിലിയേറ്റഡ് കോളേജുകളുടെ പരിധിയുടെ ഇരട്ടിയിലധികമാണ് എം.ജി, കാലിക്കറ്റ് സർവകലാശാലകളിലെ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം. നാകിന്റെ എ പ്ലസ് ഗ്രേഡില്ലാത്തതിനാൽ അടുത്ത അധ്യയന വർഷം മുതൽ കേരളത്തിലെ ഒരു സർവകലാശാലക്കും വിദൂര വിദ്യാഭ്യാസ വിഭാഗം നടത്താനാവില്ല. സർവകലാശാലകളുടെ ഗുണമേന്മ വർധിപ്പിച്ച് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം ഓപൺ സർവകലാശാല രൂപീകരിച്ച് കുറുക്കുവഴിയിൽ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നത്- -അദ്ദേഹം പറഞ്ഞു.
എം.ഇ.എസ് അസ്മാബി കോളേജ്, ഇരിങ്ങാലിക്കുട ക്രൈസ്റ്റ് കോളേജ്, കേരള വർമ കോളേജ്, ഗവ. എൻജിനീയറിംഗ് കോളേജ്, വാടാനപ്പള്ളി സെന്റർ, കൊടുങ്ങല്ലൂർ ടൗൺ എന്നിവിടങ്ങളിലും ജാഥ പര്യടനം നടത്തി.
വിവിധ സ്വീകരണങ്ങളിലായി ജാഥാ അംഗങ്ങളായ മഹേഷ് തോന്നക്കൽ, കെ.എം. ശഫ്രിൻ, കെ.എസ്. നിസാർ, അനീഷ് പാറമ്പുഴ, എം.ജെ. സാന്ദ്ര, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് എം.കെ അസ്‌ലം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. ആഖിൽ, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഷരീഫ് അബ്ദുല്ല, ടി.എം കുഞ്ഞിപ്പ, വിജയൻ, കെ.എസ്. നവാസ്, ബിബിത വാഴച്ചാൽ, എം. മുബാറക്, ജസീം ഗുരുവായൂർ, ഇഹ്‌സാൻ കെ.ഐ, ജുനൈദ് വി.എ, മുഹ്‌സിന ഒ.എച്ച്, നഈമ ബൽതാജി തുടങ്ങിയവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി കലാ സംഘം അവതരിപ്പിക്കുന്ന മഷി പുരളാത്ത കടലാസുകൾ എന്ന തെരുവ് നാടകം വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. വിവിധ സാമൂഹിക കാരണങ്ങളാൽ വിവേചനത്തിന് വിധേയരാവുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും കാമ്പസ് ജന്മിത്വങ്ങളും നാടകത്തിൽ ചർച്ചയായി.
എൻജിനീയറിംഗ് കോളേജ് സ്വീകരണത്തിന് പോലീസ് അനുമതി നൽകാതെ കാമ്പസ് ഗെയിറ്റ് അടച്ചതും എസ്.എഫ്.ഐ പ്രവർത്തകർ സംഘടിച്ച് നിന്നതും തുടക്കത്തിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് ഫ്രറ്റേണിറ്റി നേതാക്കൾ പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയിൽ കാമ്പസിനകത്ത് തന്നെ പരിപാടി നടത്താൻ ധാരണയായി. തുടർന്ന് പ്രവർത്തകർ പ്രകടനമായി വന്ന് കാമ്പസിനകത്ത് പരിപാടി നടത്തി. പാവറട്ടിയിൽ ലോക്കപ്പ് മർദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകന്റെ വീട് ഫ്രറ്റേണിറ്റി സംസ്ഥാന നേതാക്കൾ സന്ദർശിച്ചു.