ലണ്ടൻ- അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കൊള്ളരുതാത്തവനെന്നും കഴിവില്ലെന്നും അധിക്ഷേപിച്ചുകൊണ്ട് വാഷിംഗ്ടണിലെ യു.കെ അംബാസഡർ കിം ഡറോച്ച് ലണ്ടനിലേക്ക് നൽകിയ രഹസ്യ കേബിൾ സന്ദേശം പുറത്തായത് ബ്രിട്ടനെ പ്രതിസന്ധിയിലാക്കി. അമേരിക്കയുമായുള്ള ബന്ധം ഉലയാതിരിക്കാൻ കേബിൾ ചോർത്തിയത് ആരെന്ന് കണ്ടുപിടിക്കാനുള്ള ഊർജിത അന്വേഷണത്തിലാണ് ബ്രിട്ടൻ. എന്നാൽ അംബാസഡർ ഡറോച്ചിനെ തള്ളിപ്പറയാൻ ബ്രിട്ടൻ തയാറായിട്ടില്ല.
അംബാസഡറുടെ രഹസ്യ കേബിളുകൾ ചില ബ്രിട്ടീഷ് പത്രങ്ങളാണ് പുറത്തുവിട്ടത്. ട്രംപ് ഭരണകൂടം തീർത്തും പ്രവർത്തനരഹിതമാണെന്നാണ് ഒരു സന്ദേശത്തിൽ ഡറോച്ച് കുറ്റപ്പെടുത്തുന്നത്. മറ്റൊന്നിൽ ട്രംപ് പ്രാപ്തിയില്ലാത്തവനും, അരക്ഷിതബോധമുള്ളവനുമാണെന്നും വിലയിരുത്തുന്നു.
വാർത്ത പുറത്തു വന്നതോടെ സ്വതസിദ്ധമായ ശൈലിയിൽ ട്രംപ് തിരിച്ചടിച്ചു. ബ്രിട്ടനെ ശരിക്കും സേവിച്ചിട്ടുള്ള ആളല്ല ആ അംബാസഡറെന്നും, ഞങ്ങളാരും അയാളുടെ വലിയ ആരാധകരല്ലെന്നും ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അയാളെക്കുറിച്ച് എനിക്കും ചിലത് പറയാനുണ്ട്. പക്ഷേ ഞാനതൊന്നും കാര്യമാക്കുന്നില്ലെന്നും അദ്ദേഹം തുടർന്നു.
പക്ഷേ സംഭവം യു.എസ്-യു.കെ ബന്ധത്തിൽ കല്ലുകടിയാവുമെന്ന ആശങ്ക ബ്രിട്ടനുണ്ട്. കഷ്ടിച്ച് ഒരു മാസം മുമ്പ് മാത്രമാണ് ട്രംപിന് ബ്രിട്ടനിൽ രാജകീയ വരവേൽപ്പ് ലഭിച്ചതും, എലിസബത്ത് രാജ്ഞിക്കൊപ്പം അദ്ദേഹം വിരുന്നിൽ പങ്കെടുത്തതും. ബ്രെക്‌സിറ്റ് അനന്തര സാമ്പത്തിക പ്രതിസന്ധികൾ അതിജീവിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയുമായി പുതിയൊരു വ്യാപാര കരാർ ഒപ്പിടാനിരിക്കുകയാണ് ബ്രിട്ടൻ. അതുകൊണ്ടാണ് രഹസ്യ കേബിൾ ചോർത്തിയയാളെ എത്രയും വേഗം കണ്ടുപിടിക്കാനുള്ള അന്വേഷണം അവർ ആരംഭിച്ചതും. കുറ്റക്കാർ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറിമി ഹണ്ട് മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് സർക്കാരിനുള്ളിലെ ബ്രെക്‌സിറ്റ് അനുകൂലികൾ ആരെങ്കിലുമാവും കേബിൾ ചോർത്തിയതെന്നാണ് ബ്രിട്ടീഷ് പത്രങ്ങൾ സംശയിക്കുന്നത്.
അതിനിടെ, അംബാഡർ ഡറോച്ചിനെ ന്യായീകരിച്ച് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ രംഗത്തെത്തി. വൈറ്റ് ഹൗസിലെ സംഭവ വികാസങ്ങളെക്കുറിച്ച് തുറന്ന വിലയിരുത്തലുകളാണ് അദ്ദേഹം നൽകിയതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.






