Sorry, you need to enable JavaScript to visit this website.

ലോക്‌സഭയിൽ ഒറ്റ മണിക്കൂറിൽ എട്ട് ബില്ലുകൾ; എതിർപ്പുമായി കേരള എം.പിമാർ

ന്യൂദൽഹി- പ്രതിപക്ഷം ഉയർത്തിയ കടുത്ത എതിർപ്പ് അവഗവണിച്ച് കേന്ദ്ര സർക്കാർ ഒറ്റ മണിക്കൂറിനുള്ളിൽ ലോക്‌സഭയിൽ ഇന്നലെ അവതരിപ്പിച്ചത് എട്ടു ബില്ലുകൾ. ഇതിൽ ഭൂരിപക്ഷം ബില്ലുകളുടെയും അവതരണത്തെ കേരളത്തിൽ നിന്നുള്ള എം.പിമാർ ശക്തമായി എതിർത്തു. 
മൃഗീയ ഭൂരിപക്ഷമുള്ള മോഡി സർക്കാരിനെ പ്രതിപക്ഷ നിരയിൽ നിന്ന് കേരളം ഒറ്റയ്‌ക്കെതിർക്കുന്ന കാഴ്ചയാണ് റെേക്കാർഡ് വേഗത്തിലുള്ള ബില്ലവതരണ വേളയിൽ ഇന്നലെ ലോക്‌സഭയിൽ കണ്ടത്. കർണാടകയിലെ രാഷ്ട്രീയ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കോൺഗ്രസിനെ പിടിച്ചുനിർത്തിയാണ് എട്ടു ബില്ലുകളുടെ അവതരണത്തിന് സ്പീക്കർ ഓം ബിർള അനുമതി നൽകിയത്. 
എം.പിമാരായ ശശി തരൂർ, എൻ.കെ പ്രേമചന്ദ്രൻ, ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ബില്ലവതരണത്തെ എതിർത്തത്. ഇതിൽ തന്നെ ഭൂരിഭാഗം ബില്ലുകളുടെയും അവതരണത്തെയും തരൂരും പ്രേമചന്ദ്രനും എതിർത്തു. കേരള എം.പിമാരുടെ എതിർപ്പുകൾ തുടരുന്നതിനിടെ അഞ്ചാമതായി കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ ഉപഭോക്തൃ സംരക്ഷണ ബില്ല് അവതരിപ്പിക്കാൻ എഴുന്നേറ്റപ്പോഴും സ്പീക്കർ ശശി തരൂരിന്റെ പേര് വിളിച്ചു. ഈ ബില്ലിന്റെ അവതരണത്തിൽ തനിക്ക് എതിർപ്പൊന്നും ഇല്ലെന്ന് ചെറു ചിരിയോടെ വ്യക്തമാക്കി തരൂർ ഇരുന്നു. 
ആരോഗ്യമന്ത്രി ഡോ.ഹർഷവർധൻ അവതരിപ്പിച്ച ഡി.എൻ.എ ബില്ലിനെ ആദ്യം എതിർത്തു സംസാരിച്ചത് പ്രേമചന്ദ്രനാണ്. ജനിതഘടന പരിശോധിച്ചു കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും മറ്റും നിയമപ്രാബല്യം നൽകുന്ന ഡി.എൻ.എ ടെക്‌നോളജി (യൂസ് ആന്റ് ആപ്ലിക്കേഷൻ) റെഗുലേഷൻ ബില്ലിൽ കുറ്റവാളികളുടെ ജനിതക ഘടനയുടെ ഡാറ്റാ ബേസ് സ്ഥാപിക്കാനും വ്യവസ്ഥയുണ്ട്. ഇത് മൗലികാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് എം.പിമാർ എതിർത്തത്. 
അറസ്റ്റിലായ പ്രതികളുടെ ഡി.എൻ.എ അനുവാദം കൂടാതെ എടുത്താൽ, ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ പൗരന്റെ ഡിഎൻഎയും നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ആശങ്ക ഉയർത്തുകയാണെന്ന് ശശി തരൂർ പറഞ്ഞു. ഡാറ്റ സംരക്ഷണ ബില്ല് കൊണ്ടുവരാതെ ഡി.എൻ.എ ബില്ല് കൊണ്ടുവന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലിലെ വ്യവസ്ഥകൾ പൗരന്റെ മൗലികാവകാശങ്ങളെ തന്നെ ഹനിക്കുന്നതാണെന്ന് കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ചൂണ്ടിക്കാട്ടി. 
പ്രതിപക്ഷത്തിന്റെ ആശങ്കകൾ അസ്ഥാനത്താണെന്നും ബില്ല് ചർച്ചയ്ക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ വിശദമായി വിവരിക്കാമെന്നുമാണ് മന്ത്രി ഹർഷവർധൻ പറഞ്ഞത്. ഈ ബില്ല് കഴിഞ്ഞ ലോക്‌സഭയിൽ പാസായതാണെന്നും പിന്നീട് സമയ പരിമിതി മൂലം രാജ്യസഭയിൽ പാസാകാതിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് ഹർഷവർധൻ ബില്ല് അവതരിപ്പിച്ചു. 
ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി സഹമന്ത്രി കിഷൻ റെഡ്ഡി അവതരിപ്പിച്ച നിയമവിരുദ്ധ പ്രവർത്തന നിരോധന ഭേദഗതി ബില്ലിന്റെ അവതരണത്തെയും പ്രേമചന്ദ്രനും തരൂരും കാര്യകാരണങ്ങൾ നിരത്തി എതിർത്തു. ഇവർക്കു പുറമെ മുസ്‌ലിം ലീഗിലെ ഇ.ടി മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയും ബില്ലിനെ എതിർത്തു സംസാരിച്ചു. ബില്ലിലെ വ്യവസ്ഥകൾ വ്യാപകമായി ദുരുപയോഗപ്പെടാൻ സാധ്യതയുണ്ടെന്നും ഒരു പൗരന്റെ മേൽ താനൊരു ഭീകരൻ അല്ലെന്ന് സ്വയം തെളിയിക്കാനുള്ള ബാധ്യതയാണ് വന്നു ചേരുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടി. ബില്ല് ഉദ്യോഗസ്ഥർക്ക് കൂടുതൽ ഭരണഘടനാപരമായ അധികാരം നൽകുന്നതാണെന്നും ഇത് ദുരുപയോഗം ചെയ്യപ്പെടുമെന്നും മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി. നിലവിലുള്ള യു.എ.പി.എ നിയമം തന്നെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇനിയും ഭേദഗതി വരുത്തുന്നത് കൂടുതൽ കുഴപ്പങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശ സുരക്ഷയ്ക്ക് ആരും എതിരല്ല. എന്നാൽ, പൗരൻമാരുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നിരപരാധികളൊന്നും തന്നെ ശിക്ഷിക്കപ്പെടില്ലെന്നും ഭീകരവാദത്തോട് സർക്കാർ ഒരു സഹിഷ്ണുതയും കാണിക്കില്ലെന്നും മന്ത്രി കിഷൻ റെഡ്ഡി മറുപടി നൽകി. തുടർന്ന് ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചു. 
എൻ.ഐ.എക്കു കൂടുതൽ അധികാരം നൽകുന്ന ബില്ലിന്റെ അവതരണത്തെയും കേരളത്തിൽ നിന്നുള്ള എം.പിമാർ എതിർത്തു. ബില്ല് നിലവിൽ വന്നാൽ കോടതികളിൽ കേസ് കെട്ടിക്കിടക്കുന്ന നിലവിലെ അവസ്ഥ കൂടുതൽ രൂക്ഷമാകുമെന്നും ബില്ലിലെ വ്യവസ്ഥകൾ അടിസ്ഥാനമില്ലാത്തതാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. എൻ.ഐ.എയുടെ അധികാരം വിശാലമാക്കുമ്പോൾ സർക്കാർ ഈ അധികാരങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള നടപടി കൂടി എടുക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 
തുടർന്നു വന്ന മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലിനെ അധീർ രഞ്ജൻ ചൗധരി എതിർത്തു. മനുഷ്യാവകാശ കമ്മീഷന്റെ ഭരണഘടനാപരമായ അധികാരങ്ങളിൽ വെള്ളം ചേർക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് അദ്ദേഹം ആരോപിച്ചു. തുടർന്ന് കേന്ദ്ര മന്ത്രി രാം വിലാസ് പസ്വാൻ ഉപഭോക്തൃ സംരക്ഷണ ഭേദഗതി ബില്ല് അവതരിപ്പിച്ചു. ഇതിന് പിന്നാലെ എത്തിയ ജാലിയൻ വാലാബാഗ് ദേശീയ സ്മാരക ഭേദഗതി ബില്ലിനെയും തരൂർ എതിർത്തു. കോൺഗ്രസിനെ സമിതിയിൽ നിന്നൊഴിവാക്കിയതിനെതിരേ ആണ് തരൂർ വിയോജിപ്പ് പ്രകടിപ്പിച്ചത്. ഇതിന് പുറമേ പൊതുസ്ഥലം കയ്യേറ്റ നിയമ ഭേദഗതി ബില്ലും കേന്ദ്ര സർവകലാശാലാ ഭേദഗതി നിയമ ബില്ലും ലോക്‌സഭയിൽ ഇന്നലെ അവതരിപ്പിച്ചു. 
 

Latest News