ജിദ്ദ - സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന സന്ദേശവും പ്രാദേശിക, ആഗോള തലങ്ങളിൽ രാജ്യത്തിന്റെ സൃഷ്ടിപരമായ സംഭാവനകളും ലോകത്തെത്തിക്കുന്നതിന് മാധ്യമ പ്രവർത്തകർ കൂടുതൽ പ്രയത്‌നിക്കണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആവശ്യപ്പെട്ടു. മീഡിയ മന്ത്രി തുർക്കി അൽശബാനയെയും പത്രസ്ഥാപനങ്ങളുടെ ഡയറക്ടർ, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളെയും സൗദി ജേർണലിസ്റ്റ്‌സ് അസോസിയേഷൻ അംഗങ്ങളെയും എഴുത്തുകാരെയും മറ്റും ജിദ്ദ അൽസലാം കൊട്ടാരത്തിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു രാജാവ്.
ഇരു ഹറമുകളും കുടികൊള്ളുന്ന സൗദി അറേബ്യയുടെ സ്ഥാനവും ഹജ്, ഉംറ തീർഥാടകർക്കും മദീന സന്ദർശകർക്കും നൽകുന്ന സേവനങ്ങളും ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു.






