മലപ്പുറം- ലഹരിയാണ് എന്റെ ജീവിതം തകര്‍ത്തത്, അതിന്റെ അവസാനത്തെ ഇര ഞാനാകട്ടെ, പിന്‍വാങ്ങുകയാണ്, ആരെയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്.
ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ തൂങ്ങി മരിച്ച കെ.എസ്.ഇ.ബി ചുങ്കത്തറ സെക്ഷനിലെ ഓവര്‍സിയറു പ്രതിഭ എം.എല്‍.എയുടെ ഭര്‍ത്താവുമായ കെ.ആര്‍ ഹരിയുടെ ആത്മഹത്യാ കുറിപ്പില്‍ നിന്നുള്ള വാക്കുകളാണിവ. 'പരാജയക്കുറിപ്പ്' എന്ന പേരില്‍ മരിക്കുന്നതിന് മുമ്പു എഴുതിയ മൂന്നു പേജുള്ള ആത്മഹത്യാ കുറിപ്പിലാണ് ലഹരി തന്റെ ജീവിതം തകര്‍ത്തുവെന്നു ഹരി പറയുന്നത്.
സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ജോലിയില്‍ കൃത്യനിഷ്ഠയുള്ള ആളായിരുന്നു. സഹപ്രവര്‍ത്തകര്‍ക്ക് നല്ല സുഹൃത്തും. സൗമ്യമായ പെരുമാറ്റം. ഹരിസാറിനെക്കുറിച്ചു നല്ലതു മാത്രമേ സഹപ്രവര്‍ത്തകര്‍ക്കു പറയാനുള്ളു.
2017-ലാണ് കെ.ആര്‍ ഹരി മലപ്പുറം ജില്ലയിലെ ചുങ്കത്തറ സെക്്ഷനിലെ ഓവര്‍സിയറായി ചുമതലയേല്‍ക്കുന്നത്. കുടുംബകാര്യങ്ങളെക്കുറിച്ച് സഹ പ്രവര്‍ത്തകരോടുപോലും ഒന്നും പങ്കുവച്ചിരുന്നില്ല. നന്നായി മദ്യപിക്കുന്ന ആളായിരുന്നുവെങ്കിലും ജോലികളെല്ലാം കൃത്യമായി ചെയ്തിരുന്നു.
പ്രിയ റോഡിലുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒറ്റയ്ക്കായിരുന്നു ഹരി താമസിച്ചുരുന്നത്. കല, സാഹിത്യ, സാംസ്‌ക്കാരിക രംഗങ്ങളില്‍ തല്‍പരനായിരുന്ന ഹരി ചുങ്കത്തറയിലെ പുരോഗമന കലാ സാഹിത്യ സംഘം പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഫിലിം ഫീല്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും സുഹൃത്തുക്കള്‍ പറയുന്നു. സിനിമാ സംവിധായകനായ ഡോ. പ്രസാദ് ഹരിയുടെ സഹോദരനാണ്. 2001-ലാണ് പ്രതിഭയുമായുള്ള വിവാഹം നടന്നത്.






