റിയാദ് - ഫൈസൽ രാജാവ് 1919 ൽ നടത്തിയ ബ്രിട്ടൻ സന്ദർശനം ആസ്പദമാക്കി ബോൺ എ കിംഗ് എന്ന പേരിൽ നിർമിച്ച സിനിമയുടെ പ്രദർശനം ഉടൻ നടക്കും.
സെപ്റ്റംബർ അവസാനത്തിലാണ് സൗദി തീയേറ്ററുകളിൽ സിനിമാ പ്രദർശനം നടക്കുക. ഫൈസൽ രാജാവിന്റെ സ്ഥാനത്തിനും സൗദി അറേബ്യയുടെയും അറബ്, ഇസ്‌ലാമിക ലോകത്തിന്റെയും ചരിത്രത്തിൽ 50 വർഷത്തിലേറെ കാലം ഫൈസൽ രാജാവ് ചെലുത്തിയ സ്വാധീനത്തിനും നിരക്കുന്ന നിലക്ക് പ്രൊഫഷനൽ രീതിയിൽ സിനിമ നിർമിക്കുന്നതിന് അണിയറ പ്രവർത്തകർ നടത്തിയ വലിയ ശ്രമങ്ങൾക്ക് ഫൈസൽ രാജാവിന്റെ പുത്രനും കിംഗ് ഫൈസൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് ഡയറക്ടർ ബോർഡ് ചെയർമാനുമായ തുർക്കി അൽഫൈസൽ രാജകുമാരൻ നന്ദി പറഞ്ഞു.
യുക്തിയോടെയും സുധീരമായുമാണ് ഫൈസൽ രാജാവ് രാജ്യഭരണം നടത്തിയത്. വ്യത്യസ്ത പ്രശ്‌നങ്ങളിൽ ഫൈസൽ രാജാവ് സ്വീകരിച്ച ചരിത്രപരമായ നിലപാടുകൾ സൗദി അറേബ്യയിലും മേഖലയിലും ലോകത്തും ആഴത്തിൽ സ്വാധീനം ചെലുത്തി.
പൗരന്മാരുടെ ക്ഷേമത്തിനും രാജ്യത്തിന്റെ അഭിവൃദ്ധിക്കും സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച മാതൃകായോഗ്യനായ ഭരണാധികാരിയായിരുന്ന ഫൈസൽ രാജാവിന്റെ വ്യക്തിത്വത്തെ കുറിച്ച് പുതിയ തലമുറകളെ അറിയിക്കുന്നതിൽ സിനിമക്ക് വലിയ പങ്കുണ്ടെന്നും തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.
ഓസ്‌കർ പുരസ്‌കാരം നേടിയ സ്പാനിഷ് നിർമാതാവ് ആന്ദ്രെസ് ഗോമസ് ആണ് ബോൺ എ കിംഗ് നിർമിച്ചിരിക്കുന്നത്. ദീർഘകാലത്തെ സ്വപ്‌നമായിരുന്നു ഫൈസൽ രാജാവിനെ കുറിച്ച സിനിമയെന്ന് ആന്ദ്രെസ് ഗോമസ് പറഞ്ഞു.
2015 തുർക്കി അൽഫൈസൽ രാജകുമാരനെ നേരിട്ട് കാണാൻ കഴിഞ്ഞതാണ് ഈ സ്വപ്‌നം യാഥാർഥ്യമാക്കുന്നതിന് സഹായകമായതെന്നും ആന്ദ്രെസ് ഗോമസ് പറഞ്ഞു.
സൗദി അറേബ്യയുടെ രൂപീകരണം ഉറപ്പു വരുത്തുന്നതിനുള്ള നയതന്ത്ര ദൗത്യത്തിന് പതിനാലു വയസ്സുകാരനായ മകൻ ഫൈസൽ രാജകുമാരനെ ആധുനിക സൗദി അറേബ്യയുടെ ശിൽപി അബ്ദുൽ അസീസ് രാജാവ് ലണ്ടനിലേക്ക് അയച്ച സംഭവവാണ് സിനിമയുടെ ഇതിവൃത്തം.
കിംഗ് ഫൈസൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസും ആന്ദ്രെസ് വിസന്റെ ഗോമസും സംയുക്തമായാണ് സിനിമ നിർമിച്ചിരിക്കുന്നത്. റിയാദിലും ലണ്ടനിലുമായിരുന്നു ചിത്രീകരണം. അഗസ്റ്റി വില്ലറോംഗ ആണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൗദി പൗരൻ ബദ്ർ അൽസമാരിയും റേ ലോരിഗയും ഹെൻറി ഫിറ്റ്‌സെർബെർട്ടും ചേർന്ന് കഥയും ഹെൻറി ഫിറ്റ്‌സെർബെർട്ട് തിരക്കഥയും തയാറാക്കി. സൗദി ബാലൻ അബ്ദുല്ല അലി ഖലീൽ ആണ് സിനിമയിൽ ഫൈസൽ രാജാവിന്റെ കഥാപാത്രത്തിന് ജീവൻ നൽകിയത്. സൗദി നടൻ റാകാൻ അബ്ദുൽ വാഹിദ് അടക്കം 80 ലേറെ സൗദികൾ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.