Sorry, you need to enable JavaScript to visit this website.

ജനങ്ങളെ പിഴിയുന്ന കേന്ദ്ര ബജറ്റ് 

ജനങ്ങളുടെ മേൽ അധിക സാമ്പത്തിക ഭാരം അടിച്ചേൽപിക്കുന്നതും അനിയന്ത്രിതമായ വിലക്കയറ്റത്തിന്റെ പിടിയിലേക്ക് തള്ളിവിടുന്നതും തൊഴിൽ രാഹിത്യം രൂക്ഷമാക്കുന്നതും കാർഷിക വ്യാവസായിക സമ്പദ്ഘടനയുടെ അടിത്തറ തകർക്കുന്നതും നീതി സങ്കൽപങ്ങളെ അട്ടിമറിക്കുന്നതുമാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ കേന്ദ്ര ബജറ്റ്. 
പൊതുമേഖലയെ ദേശ, വൈദേശിക മൂലധന ശക്തികൾക്ക് അടിയറ വെയ്ക്കുന്നതിനുള്ള പരസ്യ പ്രഖ്യാപനമാണ് അത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സുപ്രധാന സേവന മേഖലകളെല്ലാം സ്വകാര്യവൽക്കരണത്തിലൂടെ അന്യവൽക്കരിക്കുകയും വാണിജ്യവൽക്കരിക്കുകയുമാണ് അതിന്റെ ലക്ഷ്യം. മാധ്യമ രംഗത്ത് അവശേഷിക്കുന്ന ദേശീയ താൽപര്യങ്ങളും സ്വതന്ത്ര നിലനിൽപും ഇതോടെ പഴങ്കഥയായി മാറും.
പരിമിത ഭരണ നിയന്ത്രണം, പരമാവധി ഭരണ നിർവഹണം എന്ന തന്ത്രത്തിലൂടെ ഇന്ത്യൻ സമ്പദ്ഘടനയെ അഞ്ചു ലക്ഷം കോടി യു.എസ് ഡോളർ കരുത്തുറ്റതാക്കി മാറ്റുക എന്ന നരേന്ദ്ര മോഡിയുടെ സ്വപ്‌ന സാക്ഷാൽക്കാരമാണ് ബജറ്റിലൂടെ ലക്ഷ്യം വെക്കുന്നത്. ആ സ്വപ്‌ന സാക്ഷാൽക്കാരത്തിന് ജനങ്ങൾ വലിയ വില നൽകേണ്ടിവരുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. ബജറ്റ് പ്രാബല്യത്തിൽ വരുന്നതോടെ ഓരോ ലിറ്റർ പെട്രോളിനും ഡീസലിനും ജനങ്ങൾ രണ്ടു രൂപ അധികവില നൽകേണ്ടിവരും. ഈ ഇന്ധനങ്ങൾക്ക് ഒരു രൂപ വീതം പ്രത്യേക എക്‌സൈസ് തീരുവയും ഒരു രൂപ വീതം റോഡ് സെസും ചുമത്തപ്പെടും. അത് ഭക്ഷ്യ വസ്തുക്കളടക്കം എല്ലാറ്റിന്റെയും വിലയുടെ കുതിച്ചുയരലിന് കാരണമാകും. ഒന്നാം മോഡി സർക്കാർ അധികാരത്തിലേറിയ 2014 ൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമായി പെട്രോളിന്റെ എക്‌സൈസ് തീരുവ ഉയർത്തിയതിന് പുറമേയാണ് ഇത്. ഡീസലിന്റെ തീരുവ അഞ്ചിരട്ടിയിലധികമായി മാറും. രാജ്യത്തെ കോർപറേറ്റുകൾക്ക് 'ബിസിനസ് സുഗമ'മാക്കുന്നതിനു നൽകുന്ന ഭാരിച്ച ഇളവുകൾ പ്രഖ്യാപിച്ച ബജറ്റ് ബഹുജനങ്ങളുടെ കഴുത്തിൽ നികുതി ഭാരം കെട്ടിത്തൂക്കി തകർച്ചയുടെ ആഴങ്ങളിലേക്ക് എടുത്തെറിയുകയാണ്. 
അഭൂതപൂർവമായ തകർച്ചയെ നേരിടുന്ന കൃഷിയെയും ആത്മഹത്യയിൽ അഭയം തേടുന്ന കർഷക ലക്ഷങ്ങളെയും അപ്പാടെ അവഗണിച്ച ബജറ്റാണിത്. കർഷകരുടെ നഷ്ടം നികത്താൻ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച 'പ്രധാനമന്ത്രിയുടെ വരുമാന കൈമാറ്റ പദ്ധതി'ക്ക് വകയിരുത്തിയ 87,000 കോടി രൂപയ്ക്ക് പുറമെ യാതൊന്നും ബജറ്റിലില്ല. ആ പദ്ധതി വഴി കർഷകർക്ക് പ്രതിമാസം അനുവദിക്കുന്നത് തുഛമായ 500 രൂപ മാത്രമാണെന്നത് അതിന്റെ ഫലശൂന്യതയാണ് വിളിച്ചറിയിക്കുന്നത്. ഇതു തുറന്നുകാട്ടുന്നത് ബജറ്റിന്റെയും മോഡി സർക്കാരിന്റെയും തികഞ്ഞ കർഷക വിരുദ്ധതയാണ്.
റെയിൽ, വ്യോമ, ജല ഗതാഗത രംഗങ്ങളിലെല്ലാം കണ്ണഞ്ചിപ്പിക്കുന്ന പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. അവയെല്ലാം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുമെന്നാണ് അവകാശവാദം. ഈ രംഗങ്ങളിൽ പൊതുനിക്ഷേപം സംബന്ധിച്ച് യാതൊരു സൂചനയും നൽകാത്ത ബജറ്റ് ഇതുവരെയുള്ള ദുരനുഭവങ്ങൾ സൗകര്യപൂർവം വിസ്മരിക്കുന്നു. നാളിതുവരെ അവസരങ്ങൾ നൽകിയിട്ടും നിക്ഷേപത്തിന് തെല്ലും താൽപര്യം പ്രകടിപ്പിക്കാത്ത ദേശവിദേശ മൂലധന ശക്തികൾ ഇപ്പോൾ അതിന് മുതിരുമെന്ന് കരുതുന്നത് ശുദ്ധ മൗഢ്യമാണ്. അതിന് മുതിർന്നാൽ തന്നെ ജനങ്ങൾ അതിന് വലിയ വില നൽകേണ്ടി വരും. ലാഭമാണ് സ്വകാര്യ മൂലധനത്തിന്റെ ഏക താൽപര്യം. അടിസ്ഥാന ഘടനാ വികസനത്തിൽ സുപ്രധാനമാണ് ഗ്രാമീണ റോഡുകൾ. സ്വകാര്യ നിക്ഷേപകർക്ക് യാതൊരു താൽപര്യവും ഇല്ലാത്ത ഈ മേഖലയിൽ ഒരു ലക്ഷം കിലോമീറ്റർ പാത നവീകരിക്കാൻ 80,250 കോടി രൂപ നിക്ഷേപിക്കുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.
ഭരണകക്ഷി ്വബഞ്ചുകളുടെ കയ്യടിയോടെ നടത്തിയ നിരവധി സമാന പ്രഖ്യാപനങ്ങൾ എന്ന പോലെ ഇക്കാര്യത്തിലും ആവശ്യമായ പണം എവിടെനിന്നു വരുമെന്ന് ധനമന്ത്രി മൗനം പാലിക്കുന്നു. പൊതുമേഖലാ വ്യവസായങ്ങൾ വിറ്റഴിച്ച് ഒരു ലക്ഷം കോടിയിൽപരം രൂപ സമാഹരിക്കുമെന്നു പറയുന്ന ബജറ്റ് കഴിഞ്ഞകാല അനുഭവങ്ങളെപ്പറ്റി നിശ്ശബ്ദമാണ്. സ്വകാര്യ മൂലധന ശക്തികളെ സഹായിക്കാൻ വ്യവസായബന്ധ നിയമങ്ങൾ ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റ് പുതിയ തൊഴിലവസര സൃഷ്ടിക്കായി ഉറ്റുനോക്കുന്നത് മൂലധന ശക്തികളെയാണ്. ഈ ബജറ്റ് പൊള്ളയായ വാഗ്ദാനങ്ങൾക്കും വ്യാമോഹിപ്പിക്കുന്ന ദിവാസ്വപ്‌നങ്ങൾക്കും അപ്പുറം ജനങ്ങൾക്ക് യാതൊന്നും നൽകുന്നില്ല. 

Latest News