Sorry, you need to enable JavaScript to visit this website.

കുട്ടികളെ തെറ്റായ സ്‌പെല്ലിംഗ്  പഠിപ്പിച്ച് ബി.ജെ.പി നേതാവ് 

ലഖ്‌നൗ-ചലച്ചിത്ര മേഖലയില്‍ നിന്നും രാഷ്ട്രീയത്തില്‍ ചുവടുവച്ച താരമാണ് ജയപ്രദ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റാംപൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച ജയപ്രദ സമാജ്വാദി നേതാവ് ആസ0 ഖാനോട് പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ജയപ്രദയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 
റാംപൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'സ്‌കൂള്‍ ചലോ' എന്ന ക്യാമ്പയിന്റെ പ്രൊമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ജയപ്രദ. 
ഹിന്ദിയാണ് ജയപ്രദ ആദ്യ0 കുട്ടികളെ പഠിപ്പിച്ചത്. ശേഷം 'നമ്മുക്കിനി ഇംഗ്ലീഷ് പഠിക്കാ'മെന്ന് പറയുകയായിരുന്നു. ആദ്യം ആപ്പിള്‍, ബനാന, ഗുഡ് മോര്‍ണി0ഗ് എന്നീ വാക്കുകളുടെ സ്‌പെല്ലിംഗാണ് ജയപ്രദ ബോര്‍ഡിലെഴുതി പഠിപ്പിച്ചത്. 
അതിന് ശേഷം ഇന്ത്യാ ഈസ് മൈ കണ്‍ട്രി  എന്ന് എഴുതുകയായിരുന്നു. ഇതില്‍ കണ്‍ട്രി  എന്ന വാക്കിന്റെ സ്‌പെല്ലിംഗാണ് ജയപ്രദ തെറ്റിച്ചത്. 
ക്ലാസ് മുറിയിലുണ്ടായിരുന്ന ടീച്ചര്‍മാരോ പാര്‍ട്ടി പ്രവര്‍ത്തകരോ ജയപ്രദയുടെ ഈ തെറ്റ് തിരുത്താന്‍ തയാറായില്ല എന്നതാണ് വാസ്തവം. 
'വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും വായിക്കാനും എഴുതാനും അറിയാം. വരും ദിവസങ്ങളിലും അവരെ പഠിപ്പിക്കാന്‍ ഞാനെത്തും' ജയപ്രദ പറഞ്ഞു. 
എന്നാല്‍, ജയപ്രദ പോയ ശേഷം തെറ്റ് തിരുത്തിയെന്നും കുട്ടികള്‍ക്ക് ശരിയായ സ്‌പെല്ലിംഗ് പഠിപ്പിച്ചെന്നും റാംപൂരിലെ  അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറായ ഐശ്വര്യ ലക്ഷ്മി പറഞ്ഞു. 
എഴുതിയപ്പോള്‍ തന്നെ തെറ്റ് ശ്രദ്ധയില്‍പെട്ടെങ്കിലും ജയപ്രദയ്ക്ക് ചുറ്റും കുട്ടികള്‍ കൂടി നിന്നിരുന്നതിനാല്‍ തിരുത്താനായില്ല എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ വിശദീകരണം. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍, ചെരുപ്പുകള്‍, മിഠായി എന്നിവ വിതരണം ചെയ്ത ശേഷമാണ് ജയപ്രദ മടങ്ങിയത്.

Latest News