ആയിരം കോടി റിയാൽ മുതൽമുടക്കുന്ന ബ്രിട്ടീഷ് കമ്പനികൾക്ക് നിക്ഷേപ ലൈസൻസ്
ജിദ്ദ- സൗദി അറേബ്യൻ ദേശീയ വരുമാനം വിപുലീകരിക്കുന്നതിന് ആവിഷ്‌കരിച്ച സമഗ്ര സാമ്പത്തിക പദ്ധതിയായ വിഷൻ 2030 സാക്ഷാത്കരിക്കാൻ സർവാത്മനാ പിന്തുണ നൽകാൻ സൗദി ബ്രിട്ടീഷ് തന്ത്രപ്രധാന സാമ്പത്തിക സാമൂഹിക സഹകരണ കൗൺസിൽ തീരുമാനിച്ചു. ജിദ്ദ റിട്ട്‌സ് കാൾട്ടൺ ഹോട്ടലിൽ സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബിയുടെയും ബ്രിട്ടീഷ് ധനകാര്യ സെക്രട്ടറി ഫിലിപ്പ് ഹാമോണ്ടിന്റെയും സാന്നിധ്യത്തിൽ നടന്ന പ്രഥമ കൗൺസിലിൽ ആണ് തീരുമാനം. സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ, സാംസ്‌കാരിക മന്ത്രി ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരൻ തുടങ്ങി ഏതാനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൗൺസിൽ യോഗത്തിൽ സംബന്ധിച്ചു.
വിഷൻ 2030 നടപ്പിലാക്കുന്നതിന്റെ ഭാഗമായി സൗദി പൗരന്മാരുടെ തൊഴിൽ നൈപുണി പരിപോഷിപ്പിക്കുന്നതിനും അവരുടെ ശേഷി വർധിപ്പിക്കുന്നതിനും ബ്രിട്ടൻ സൗദി അറേബ്യയോട് യോജിച്ചു പ്രവർത്തിക്കും. 2016 ൽ പ്രഖ്യാപന വേളയിൽ തന്നെ വിഷൻ 2030 ന് ബ്രിട്ടൻ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ ക്ഷേമം മുൻനിർത്തി വാണിജ്യ നിക്ഷേപ മേഖല വികസിപ്പിക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിക്കാനും കൗൺസിൽ യോഗം തീരുമാനമെടുത്തു.
വിഷൻ 2030 പദ്ധതി സഫലീകരിക്കുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും പ്രത്യേക പ്രതിനിധിയായി കെൻ കോസ്റ്റയെയും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ആന്റണി ഷെൽഡണെയും ബ്രിട്ടൻ നിയമിച്ചത് ഇരു രാജ്യങ്ങളുടെയും ബന്ധം ദൃഢീകരിക്കുമെന്ന് കൗൺസിൽ വിലയിരുത്തി. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര നിക്ഷേപം ഉയർത്തുന്നതിനെ കുറിച്ചുമുള്ള സാധ്യതകൾ സംയുക്ത യോഗം ആരാഞ്ഞു. ഇതിന്റെ ഭാഗമായി കൂടുതൽ 10 ബില്യൺ റിയാൽ മുതൽമുടക്കുന്ന ബ്രിട്ടീഷ് കമ്പനികൾക്ക് സൗദി അറേബ്യയിൽ നിക്ഷേപക ലൈസൻസ് അനുവദിക്കും. നിലവിൽ വർഷത്തിൽ അഞ്ച് ബില്യൺ ഡോളർ വാണിജ്യ ഇടപാടുകൾ സൗദിയും ബ്രിട്ടനും നടത്തിവരുന്നുണ്ട്. ഈ വർഷം തന്നെ തീരുമാനങ്ങൾ പ്രാവർത്തികമാക്കുന്നതിന് റിയാദിലും ലണ്ടനിലും കൗൺസിൽ യോഗങ്ങൾ ചേരുന്നതിനും ധാരണയിലെത്തി. പശ്ചാത്തല വികസനം, സാങ്കേതിക, ലോജിസ്റ്റിക് മേഖലകളിൽ നേരിട്ടും അല്ലാതെയുമായി ബ്രിട്ടനിൽ സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം മുഖേന സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് (പി.ഐ.എഫ്) കൂടുതൽ നിക്ഷേപം ഇറക്കുന്നതിന്റെ സാധ്യതകളും യോഗത്തിൽ ചർച്ചയായി.
വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ബ്രിട്ടീഷ് അനുഭവ സമ്പത്ത് സൗദിയിൽ പ്രയോജനപ്പെടുത്തുന്നതിനും കൗൺസിൽ ധാരണയിലെത്തി. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ഹ്രസ്വകാല കോഴ്‌സുകൾ അടക്കമുള്ള പദ്ധതികൾ ബ്രിട്ടൻ നടപ്പിലാക്കുക. ആരോഗ്യ രംഗത്തെ പരസ്പര സഹകരണം സാധ്യമാക്കുന്നതിന് സംയുക്ത കമ്മിറ്റി രൂപീകരിക്കും. ഇതിന്റെ ഭാഗമായി ആരോഗ്യ രംഗത്തെ വിദഗ്ധർ ഇരു രാജ്യങ്ങളിലും സന്ദർശനം നടത്തും. ഊർജ, വ്യാവസായിക മേഖലകളിൽ സഹകരണത്തിന്റെ ഭാഗമായി പുനരുപയോഗ ഊർജം, ഫ്യൂച്ചർ മൊബിലിറ്റി എന്നിവയെ കുറിച്ചും സ്‌പോർട്‌സ്, കലാസാംസ്‌കാരിക മേഖലകളിലെയും സഹകരണം ശക്തമാക്കുന്നതിന്റെ സാധ്യതയും കൗൺസിൽ ചർച്ച ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും നടന്ന കൂടിക്കാഴ്ചയിലാണ് സൗദി ബ്രിട്ടീഷ് സാമ്പത്തിക സാമൂഹിക സഹകരണ കൗൺസിൽ രൂപീകരിക്കാൻ തീരുമാനിച്ചത്.






