കൊച്ചി- കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതീ യുവാക്കളുടെ നിശാ പാര്‍ട്ടികള്‍ക്ക് ഉന്മാദ ലഹരി പകരുന്നതിനായി എത്തിച്ച അതിമാരക മയക്കുമരുന്നായ ബ്യൂപ്രിനോര്‍ഫിനുമായി യുവാവ് ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘത്തിന്റെ പിടിയിലായി. ഇയാളെ മാരക മയക്കുമരുന്ന് വാങ്ങാന്‍ സഹായിച്ച പെണ്‍ സുഹൃത്തിനെ പോലീസ് അന്വേഷിച്ചു വരികയാണ്.
നെടുമ്പാശ്ശേരി കരിയാട് താമസിക്കുന്ന അരീക്കല്‍ വീട്ടില്‍ ബൈപാസ് ന്യൂട്ടണ്‍ എന്ന് വിളിക്കുന്ന അരുണ്‍ ബെന്നി (25) യെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് ഏഴ് ബ്യൂപ്രിനോര്‍ഫിന്‍ ഇഞ്ചക്്ഷന്‍ ആംപ്യൂളുകളും, രണ്ട് സിറിഞ്ചുകളും, മൂന്ന് സൂചികളും കണ്ടെടുത്തു. ഇതിന് മുമ്പ് 40 നൈട്രോസെപാം ഗുളികകള്‍ കൈവശം വച്ചതിന് ഇയാള്‍ പിടിക്കപ്പെട്ടിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ആലുവയില്‍ ഇത്രയേറെ മയക്ക് മരുന്ന് ആംപ്യൂളുകള്‍ പിടിച്ചെടുക്കുന്നത്.
ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റും വേദന സംഹാരിയായി നല്‍കി വരുന്ന മയക്കുമരുന്നാണിത്. കൊച്ചിയിലെ എച്ച്.ഐ.വി ബാധിതരില്‍ ഭൂരിഭാഗം വരുന്ന ആളുകള്‍ക്ക് എയിഡ്സ് രോഗം പടരാന്‍ ഇടയായത് ബ്രൂപ്രിനോര്‍ഫിന്‍ ആംപ്യൂളിന്റെ ഉപയോഗം മൂലമാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ആംപ്യൂളുകള്‍ ശരീരത്തില്‍ കുത്തിവെക്കുന്നത് കൊണ്ടാണ് ഈ ഇനത്തിലുള്ള മയക്ക് മരുന്ന് ഉപയോഗിക്കുന്നവര്‍ ഭൂരിഭാഗവും എച്.ഐ.വി ബാധിതരായത്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തില്‍ ഫിനാന്‍ഷ്യല്‍ മാനേജരായ ഇയാള്‍ അവിടെ വെച്ച് പരിചയപ്പെട്ട ഒരു പെണ്‍ സുഹൃത്ത് വഴിയാണ് വളരെ അപൂര്‍വമായി ലഭിക്കുന്ന ഈ മയക്കു മരുന്ന് ബ്ലാംഗ്ലൂരില്‍ നിന്ന് വാങ്ങി കൊണ്ടു വന്നിരുന്നത്.
ഇയാളെ ചോദ്യം ചെയ്തതില്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ മയക്കുമരുന്ന് കുത്തിവെക്കാറുണ്ടെന്ന വിവരമാണ് ലഭിച്ചതെന്നും ഇത് ആശങ്ക ഉളവാക്കുന്നതാണെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോളേജിലെ ആഘോഷ ദിവസങ്ങളില്‍ രസത്തിന് വേണ്ടി തുടങ്ങിവെച്ച മയക്ക് മരുന്ന് കുത്തിവെപ്പ് ഒടുവില്‍ അരുണ്‍ ബെന്നിയെ മയക്ക് മരുന്നിന് അടിമയാക്കുകയായിരുന്നു.
മാരക ലഹരിയിലായിരുന്ന ഇയാള്‍ അല്‍പസമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എങ്കിലും ഷാഡോ ടീം കീഴ്പെടുത്തുകയായിരുന്നു. അടിവസ്ത്രത്തില്‍ പ്രത്യേക അറ നിര്‍മിച്ചാണ് ആംപ്യൂളുകളും, സിറിഞ്ചുകളും, കുത്തുവാനുള്ള സൂചിയും സൂക്ഷിച്ചിരുന്നത്. ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് ആംപ്യൂളുകള്‍ വാങ്ങാന്‍ സഹായിച്ച പെണ്‍ സുഹൃത്തിനെക്കുറിച്ച് അന്വേഷണം നടത്തി വരുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.
----