Sorry, you need to enable JavaScript to visit this website.

യാത്രാ നടപടിക്രമം സ്വന്തം നാടുകളിൽ; ഹാജിമാർ നിമിഷങ്ങൾക്കകം പുറത്തിറങ്ങി 

മക്ക റൂട്ട് പദ്ധതി വഴി ഹജിനെത്തിയ ഇന്തോനേഷ്യൻ തീർഥാടകരെ മദീന വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.  
  •  മക്ക റൂട്ട് പദ്ധതിയിലെത്തിയ  ഇന്തോനേഷ്യൻ ഹാജിമാർ മദീനയിൽ

ജിദ്ദ- സ്വദേശങ്ങളിൽനിന്ന് തന്നെ സൗദിയിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കുന്ന സേവനമായ മക്ക റൂട്ട് പദ്ധതി വഴിയെത്തിയ ഇന്തോനേഷ്യൻ തീർഥാടകർക്ക് മദീന പ്രിൻസ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ് നൽകി. ജക്കാർത്തയിലെ സുകാർണോ ഹാതോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 450 ഹാജിമാരാണ് മദീനയിൽ വിമാനമിറങ്ങിയത്. പനിനീർപ്പൂക്കളും മുന്തിയ ഇനം ഈത്തപ്പഴവും മധുര പലഹാരങ്ങളും സംസം വെള്ളവും നൽകിയാണ് സൗദി അധികൃതർ ഹാജിമാരെ സ്വീകരിച്ചത്. 
സൗദിയിലെ ഇന്തോനേഷ്യൻ അംബാസഡർ അഗൂസ് മഫ്തൂബ് അബൂ ജിബ്‌രീൽ സ്വീകരണത്തിന് നേതൃത്വം നൽകി. മലേഷ്യ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, തുനീഷ്യ എന്നീ രാജ്യങ്ങളിലെ രണ്ടേകാൽ ലക്ഷത്തോളം ഹാജിമാർക്കാണ് ഈ സേവനം ലഭ്യമാവുക. ഇതിൽ പ്രഥമ സംഘം മലേഷ്യയിൽ നിന്ന് കഴിഞ്ഞ വ്യാഴാഴ്ച സൗദിയിലെത്തിയിരുന്നു. 
ഹാജിമാർക്ക് പരമാവധി സൗകര്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സൗദിയിലേക്ക് വിമാനം കയറുന്നതിന് മുമ്പായി സ്വദേശങ്ങളിലെ വിമാനത്താവളങ്ങളിൽനിന്ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഭരണ നേതൃത്വം ഈ സേവനം ഏർപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ വാർത്താവിതരണ വിഭാഗം മേധാവി ഇബ്രാഹിം ബിൻ അബ്ദുൽ വഹാബ് പറഞ്ഞു. മക്ക റൂട്ട് പദ്ധതി വഴിയെത്തുന്ന ഹാജിമാരെ ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ പ്രത്യേകം ലോഞ്ചുകളിൽ സ്വീകരിക്കും. ഇവർക്ക് വിമാനത്താവളങ്ങളിൽ കാത്തിരിക്കേണ്ട ആവശ്യമില്ലാതെ തന്നെ നേരിട്ട് താമസ സ്ഥലങ്ങളിലേക്ക് തിരിക്കാൻ സാധിക്കും. 
ജക്കാർത്ത വിമാനത്താവളത്തിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് യൂസുഫ് കല്ല, ഇസ്‌ലാമിക്കാര്യമന്ത്രി ഡോ. ലുഖ്മാൻ ഹകീം സൈഫുദ്ദീൻ, ഇന്തോനേഷ്യയിലെ സൗദി അംബാസഡർ ഉസാം ആബിദ് അൽഥഖഫി, മക്ക റൂട്ട് പ്രോജക്ട് സൂപ്പർവൈസറി കമ്മിറ്റി വൈസ് പ്രസിഡന്റ് മേജർ ജനറൽ ഖാലിദ് ബിൻ ഫഹാദ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും ഹാജിമാരെ യാത്രയയക്കാൻ എത്തിയിരുന്നു. തീർഥാടകർക്ക് നൽകുന്ന സേവനത്തിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും നന്ദി രേഖപ്പെടുത്തുന്നതായി ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് പറഞ്ഞു. ഏറ്റവും ചുരുങ്ങിയ സമയത്തിനകം നടപടിക്രമങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിന് ഹാജിമാർക്ക് പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
ഇ വിസ ഇഷ്യൂ ചെയ്യൽ, എമിഗ്രേഷൻ ക്ലിയറൻസ്, ആരോഗ്യ പരിശോധനക്കുള്ള സൗകര്യം പരിശോധിക്കൽ, പ്രീ ബാഗേജ് സംവിധാനം, സൗദിയിലെ ഗതാഗത താമസ സൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യൽ എന്നിവയെല്ലാം നാട്ടിൽനിന്നു തന്നെ പൂർത്തിയാക്കാൻ തീർഥാടകരെ സഹായിക്കുന്ന ഈ പദ്ധതി വിഷൻ 2030 ന്റെ ഭാഗമായാണ് സൗദി ഭരണകൂടം നടപ്പിലാക്കുന്നത്. അടുത്ത വർഷം മുതൽ ഇന്ത്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളിൽ മക്ക റൂട്ട് പദ്ധതി നടപ്പിലാക്കും. 

 

Latest News