ആശാ ശരത്തിനെ ട്രോളിയാല്‍ കുടുങ്ങും; ഡി.ജി.പിക്ക് പരാതി നല്‍കി

തിരുവനന്തപുരം- തനിക്കും കുടുംബത്തിനുമെതിരെ സാമൂഹ്യമാധ്യങ്ങളില്‍ സംഘടിത ആക്രമണം നടക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് നടി ആശാ ശരത്ത് പരാതി നല്‍കി. ഇതുസംബന്ധിച്ച സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്.

തന്റെ പുതിയ ചിത്രമായ എവിടെയുടെ പ്രമോഷനായി ഫേസ്ബുക്ക് പേജിലിട്ട വീഡിയോ ഒരുവിഭാഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും സാമൂഹ്യമാധ്യങ്ങളില്‍ മോശം പ്രചാരണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും  കണ്ടുകിട്ടുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കണമെന്നും അഭ്യര്‍ഥിക്കുന്ന വീഡിയോക്ക് മുകളിലും താഴെയുമായി 'എവിടെ, പ്രമോഷന്‍ വിഡിയോ' എന്നീ തലക്കെട്ടുകള്‍ താന്‍ നല്‍കിയിരുന്നെങ്കിലും പലരും ഇത് ഒഴിവാക്കിയാണ് പ്രചരിപ്പിച്ചതെന്ന് ആശാ ശരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വീഡിയോയുടെ അവസാന ഭാഗത്തും സിനിമയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പക്ഷേ അതൊക്കെ എഡിറ്റ് ചെയ്ത് മാറ്റി. സ്ത്രീ ആയതിനാലാണ്  തനിക്ക് നേരെ സംഘടിത ആക്രമണം ഉണ്ടായത്. ഒരു പുരുഷനായിരുന്നെങ്കില്‍ ഇത്രയും മോശമായ അവസ്ഥ ഉണ്ടാകില്ലായിരുന്നുവെന്നും  നടി പറഞ്ഞു.

http://malayalamnewsdaily.com/sites/default/files/2019/07/07/asha.png

ഭര്‍ത്താവിനെ കാണാനില്ലെന്ന ലൈവ് വീഡിയോയില്‍ മേക്കപ്പില്ലാതെ നടി ആശാ ശരത്ത്.

വീഡിയോ പോസ്റ്റ്  ചെയ്തതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഇടുക്കി ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ യാതൊരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്നും ആശ ശരത്ത് പറഞ്ഞു. നടനും നിര്‍മാതാവുമായ പ്രേംപ്രകാശ്, സഹനിര്‍മാതാവ് ജോയ് തോമസ്, സംവിധായകന്‍ കെ.കെ.രാജീവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Latest News