കര്‍ണാടക ചര്‍ച്ച വിജയത്തിലേക്ക്; രാജിവെച്ച എം.എല്‍.എമാര്‍ക്ക് മന്ത്രിപദവി നല്‍കും

എം.എല്‍.എമാര്‍ രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തിനു പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ധര്‍ണ

ബംഗളൂരു- കര്‍ണാടകയില്‍ രാജിവെച്ച എം.എല്‍.എമാര്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് പ്രതിസന്ധി പരിഹരിക്കാനുള്ള കോണ്‍ഗ്രസ് നീക്കം വിജയത്തിലേക്ക്. മുംബൈയിലെ ഹോട്ടലില്‍ തുടരുന്ന എം.എല്‍.എമാരുമായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തി.
 
വൈകിട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബംഗളൂരിവിലെത്തിയതിനു ശേഷം കോണ്‍ഗ്രസ് നേതാക്കളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. എന്തു വിലകൊടുത്തും കര്‍ണാടകയിലെ മന്ത്രിസഭ നിലനിര്‍ത്തണമെന്ന എ.ഐ.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ട് വെച്ചിരിക്കുന്നത്.
രാജിവെച്ച 13 എം.എല്‍.എ മാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനായി മന്ത്രിസഭയിലെ 13 മന്ത്രിമാരെ രാജിവെപ്പിക്കാനാണ് നീക്കം. വിമതരുടെ ഭാഗത്ത് നിന്ന് ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യോഗം ചേര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചകള്‍ നടത്തുന്നത്. സിദ്ധരാമയ്യ, ജി പരമേശ്വര എന്നീ നേതാക്കള്‍ കെ.സി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് ചര്‍ച്ച നടത്തിയത്്. ജെ.ഡി.എസ് നേതാവ് ദേവഗൗഡ ജെ.ഡി.എസ്-കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച നടത്തി.
ഡി.കെ ശിവകുമാറാണ് എം.എല്‍.എമാരുമായും ജനതാദളുമായും ആശയവിനിമയം നടത്തുന്നത്.  
എം.എല്‍.എമാര്‍ മടങ്ങി വരുമെന്നും തനിക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞഞ്ഞു.ദേവ ഗൗഡയുമായുള്ള ചര്‍ച്ചക്കു ശേഷം സംസാരിക്കുകയായിരുന്നു ശിവകുമാര്‍.
ചൊവ്വാഴ്ചയാണ് എം.എല്‍.എമാരുടെ രാജി വിഷയത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കുക. രാജിവെച്ച എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. എം.എല്‍.എമാര്‍ക്ക് സംരക്ഷണവുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി പ്രവര്‍ത്തകരും രംഗത്തുണ്ട്.

അതിനിടെ, കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി കോണ്‍ഗ്രസിന്റെ നാടകമാണെന്നും കുമാരസ്വാമിയെ പുറത്താക്കാനുള്ള നീക്കമാണെന്നും കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചു.  സിദ്ധരാമയ്യയും മറ്റു ചില കോണ്‍ഗ്രസ് നേതാക്കളുമാണ് ഇതിന്റെ പിന്നിലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.  

 

Latest News