കര്‍ണാടകയില്‍ ഭീഷണിയില്ലെന്ന് കോണ്‍ഗ്രസ്, പ്രതീക്ഷ കൈവിടാതെ ബി.ജെ.പി

ബംഗളൂരു - കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ,  അണിയറയില്‍ കരുനീക്കം ശക്തമാക്കി ബി.ജെ.പി. കാത്തിരുന്ന് കാണാമെന്നാണ് ബി.ജെ.പി നേതാവ് യെദിയൂരപ്പ പറയുന്നതെങ്കിലും 14 എം.എല്‍.എ മാര്‍ രാജിവെച്ച സാഹചര്യത്തില്‍  പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കൈവരുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് പാര്‍ട്ടി.

ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ യെദിയൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും സിദ്ധരാമയ്യയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും എം.എല്‍.എമാരുടെ രാജിയുമായി തനിക്ക് ബന്ധമില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

അതേസമയം, രാജി സ്വീകരിച്ചിട്ടില്ലെന്നും സഖ്യസര്‍ക്കാര്‍ തന്നെ തുടരുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. രാജി സ്വീകരിക്കാത്ത സാഹചര്യത്തില്‍ അവര്‍ രാജി വെച്ചതായി കണക്കാക്കില്ലെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ അസ്ഥിരമല്ലെന്നും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.
സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന് രാജി സമര്‍പ്പിച്ച 12 എംഎല്‍എമാരില്‍ ഒമ്പത് പേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും മൂന്ന് പേര്‍ ജെ.ഡി.എസ് അംഗങ്ങളുമാണ്. സ്പീക്കറെ കാണാനെത്തിയ എം.എല്‍.എമാര്‍ അദ്ദേഹത്തെ കാണാത്തതിനാല്‍ രാജിക്കത്തുകള്‍ ഓഫീസില്‍ ഏല്‍പിക്കുകയായിരുന്നു.

 

 

Latest News