കാസര്‍കോട്- വിധവയായ യുവതി പ്രസവിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ ആദൂര്‍ പോലീസ് ബാലസംഗത്തിന് കേസെടുത്തു. ഇതില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മുളിയാര്‍ അമ്പാകുഞ്ച സ്വദേശി വിനോദ് എന്ന ജഗദീഷിനെ (39) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 12 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച മുളിയാറിലെ 28 കാരിയാണ് കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കുട്ടിക്ക് ജന്‍മം നല്‍കിയത്. യുവതിയുടെ മൊഴി പ്രകാരമാണ് ഗര്‍ഭത്തിന് ഉത്തരവാദിയായ ജഗദീഷിന്റെ പേരില്‍ കേസെടുത്തു പോലീസ് അറസ്റ്റ് ചെയ്തത്. പൈക്ക വീട്ടിയടുക്കത്തെ ആള്‍താമസമില്ലാത്ത വീട്ടില്‍ വെച്ച് ഇയാളും സുഹൃത്തായ ഷരീഫ് എന്നയാളും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. തുടര്‍ന്നാണ് ഷരീഫിന്റെ പേരിലും കേസെടുത്തത്. സംഭവത്തിന്റെ രഹസ്യ സ്വഭാവം കണക്കിലെടുത്തു പോലീസ് റിപ്പോര്‍ട്ട് പ്രകാരം മജിസ്‌ട്രേറ്റ് യുവതിയില്‍ നിന്നും രഹസ്യ മൊഴി എടുത്തിരുന്നു.